ഏകദിന ലോകകപ്പ്: അക്കാര്യം സംഭവിച്ചാല്‍ ഞാന്‍ പത്താനേക്കാള്‍ നന്നായി നൃത്തം ചെയ്യും; തുറന്നുപറഞ്ഞ് മുഹമ്മദ് ആമിര്‍

ഇന്ത്യയോട് തോറ്റതിന് ശേഷം ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമിന്റെ താളം അപ്പാടെ തെറ്റുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായ നാല് തോല്‍വികളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. ഏഴ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്ന പാകിസ്ഥാന്‍ തങ്ങളുടെ ഉദ്ഘാടന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെയും പരാജയപ്പെടുത്തി.

എന്നാല്‍, ഹാട്രിക് വിജയം ലക്ഷ്യമിട്ട് ഇന്ത്യയ്ക്ക് മുന്നില്‍ ഇറങ്ങിയ ബാബര്‍ അസമിന്റെ ടീം പരാജയപ്പെട്ടു. പിന്നീട് ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നിവരോടും പാകിസ്ഥാന്‍ പരാജയപ്പെട്ടു. എന്നാല്‍, ബംഗ്ലാദേശിനെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി.

സെമിയില്‍ കടക്കാന്‍ പാകിസ്ഥാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചേ മതിയാകൂ. ഇതിനുപുറമെ, നെറ്റ്റണ്‍റേറ്റ് കാരണം മറ്റ് ടീമുകളുടെ ഫലത്തെയും പാകിസ്ഥാന് ആശ്രയിക്കേണ്ടിവരും. ഇതിനിടെ വിചിത്രമായ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ ബോളര്‍ മുഹമ്മദ് ആമിര്‍.

പാകിസ്ഥാന്‍ സെമിയിലെത്തുകയും ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്താല്‍ താന്‍ ഇര്‍ഫാന്‍ പത്താനെക്കാള്‍ നന്നായി നൃത്തം ചെയ്യുമെന്ന് ആമിര്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഒരു വാര്‍ത്താ ചാനലിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ഓള്‍റൗണ്ടര്‍മാരായ അബ്ദുള്‍ റസാഖ്, ഇമാദ് വസീം എന്നിവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് ശേഷം മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ റാഷിദ് ഖാനുമായി ചേര്‍ന്ന മൈതാനത്ത് നൃത്തം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാക് ടീമിനെ സെമിയിലെത്താനും ഇന്ത്യയെ പരാജയപ്പെടുത്താനും അമീര്‍ വെല്ലുവിളിച്ചത്.