പുതിയ ഐ.പി.എല്‍ ടീമുകളെ സംബന്ധിച്ച നിര്‍ണായക വിവരം പുറത്ത്

ഐ.പി.എല്ലിലേക്ക് പുതുതായി എത്തുന്ന രണ്ട് ടീമുകള്‍ക്കായുള്ള ലേലം ഒക്ടോബര്‍ 17 ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്‍ 14ാം സീസണ്‍ കഴിയുന്നമുറയ്ക്ക് പുതിയ ടീമുകളുടെ കാര്യത്തില്‍ തീരുമാനമാകും. ലേലത്തിനുള്ള വേദി പിന്നീട് തീരുമാനിക്കുമെന്നാണ് ബി.സി.സിഐ അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 21 വരെ ലേല പ്രക്രിയ സംബന്ധിച്ച എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള അവസരമുണ്ട്. ഒക്ടോബര്‍ 5ന് ടെന്‍ഡറിനുള്ള ക്ഷണം ലഭ്യമാകും. ലേലം ഒക്ടോബര്‍ 17 ന് നടക്കും. 2000 കോടി രൂപയാണ് പുതിയ രണ്ട് ടീമുകളുടേയും അടിസ്ഥാനവിലയായി ബി.സി.സി.ഐ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 1700 കോടി രൂപയായിരുന്നു അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. എന്നാലത് 2000 കോടി രൂപയായി ഉയര്‍ത്താന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

ഫ്രാഞ്ചൈസി സ്വന്തമാക്കുന്നതിനുള്ള ലേലത്തില്‍ പങ്കെടുക്കാന്‍ 75 കോടിയുടെ രേഖയാണ് കക്ഷികള്‍ വാങ്ങേണ്ടത്. 3000 കോടി രൂപയ്ക്ക് മുകളില്‍ ടേണ്‍ഓവര്‍ ഉള്ള കമ്പനികള്‍ക്ക് മാത്രമാണ് ഈ രേഖകള്‍ വാങ്ങാന്‍ സാധിക്കുകയുള്ളു. ഡിസംബറില്‍ മെഗാ താരലേലം നടക്കും.

പ്രധാനമായും മൂന്ന് ഗ്രൂപ്പുകളാണ് ടീമുകള്‍ക്കായി രംഗത്തുള്ളത്. കൊല്‍ക്കത്തയില്‍ നിന്നുള്ള ആര്‍പി രാജീവ് ഗൊണീക ഗ്രൂപ്പ്, അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്, ഗുജറാത്ത് ആസ്ഥാനമായുള്ള ടോറന്റ് ഗ്രൂപ്പ് എന്നിവര്‍ പുതിയ ടീമിനെ ഇറക്കുന്നതിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.