2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ തോൽവിയറിയാതെ ആണ് കിരീടം സ്വന്തമാക്കിയത്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ച് ടീം കിരീടം സ്വന്തമാക്കുക ആയിരുന്നു. 252 റൺസ് പിന്തുടർന്ന ഇന്ത്യ സമ്മർദ്ദതിക്ക് പോകുമെന്ന് തോന്നിച്ച സമയത്ത് ഹാർദിക് പാണ്ഡ്യാ- കെഎൽ രാഹുൽ സഖ്യം ഇന്ത്യയെ രക്ഷിക്കുക ആയിരുന്നു.
മത്സരത്തിന്റെ സാഹചര്യം കണക്കിലെടുക്കുമ്പോൾ ഹാർദിക്കിന്റെ സംഭാവന നിർണായകമായിരുന്നു. പാണ്ഡ്യയുടെ സാന്നിധ്യം രാഹുലിന് 33 പന്തിൽ നിന്ന് 34 റൺസ് നേടി പുറത്താകാതെ നിൽക്കാൻ സഹായിച്ചു. ഇന്ത്യ 49 ഓവറിൽ ലക്ഷ്യം കണ്ടു.
എന്തായാലും വൈറ്റ്-ബോൾ ക്രിക്കറ്റിൽ ടീമിന്റെ ഏറ്റവും വിലപ്പെട്ട കളിക്കാരനായി പലരും കരുതുന്ന ഹാർദിക് പാണ്ഡ്യയെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ്. വ്യക്തിഗത നേട്ടങ്ങളേക്കാൾ ഇംപാക്ട് ഇന്നിങ്‌സുകൾക്ക് എപ്പോഴും മുൻഗണന നൽകുന്ന ഗംഭീർ, അദ്ദേഹത്തെ പുകഴ്ത്തി ഇങ്ങനെ പറഞ്ഞു.
“സമ്മർദ്ദത്തിൽ ഹാർദിക് പാണ്ഡ്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ലോകത്ത് അദ്ദേഹത്തെപ്പോലുള്ള രണ്ടോ മൂന്നോ കളിക്കാർ മാത്രമേയുള്ളൂ. സമ്മർദ്ദത്തിൽ അദ്ദേഹത്തിന് വലിയ ഷോട്ടുകൾ അടിക്കാൻ കഴിയും, അദ്ദേഹത്തിന്റെ സ്വാധീനം വളരെ വലുതാണ്,” ഗൗതം ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് സമയത്തെ തന്റെ പരിപാടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു “എനിക്ക് രണ്ട് മാസം വിശ്രമിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പരിശീലകനെന്ന നിലയിൽ ഗംഭീറിന്റെ ആദ്യത്തെ ഐസിസി ട്രോഫിയായിരുന്നു ഇത്, ന്യൂസിലൻഡിനും ഓസ്ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം അനിവാര്യമായ വിജയമാണ് ഗംഭീർ സ്വന്തമാക്കിയത്.