ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൽ നിന്നും പിന്മാറി ബംഗ്ലാദേശ്. ഇന്ത്യയിൽ കളിക്കാൻ താല്പര്യപെടുന്നില്ലെന്നും മറിച്ച് തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്നും ബംഗ്ലാദേശ് ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസി അത് നിരസിക്കുകയും ഇന്ത്യയിൽ തന്നെ വന്നു കളിക്കണമെന്നും ബംഗ്ലാദേശിനെ അറിയിച്ചു. തുടർന്നാണ് ടൂർണമെന്റിൽ നിന്നും ബംഗ്ലാദേശ് പിന്മാറിയത്.
നിലവിലെ ഷെഡ്യുൾ പ്രകാരം തന്നെ മുന്നോട്ട് പോകാനായിരുന്നു ഐസിസിയുടെ തീരുമാനം. ടൂർണമെന്റിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് അറിയിക്കണമെന്നായിരുന്നു ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ ഐസിസി അറിയിച്ചത്. ഇതിന് പിന്നാലെ താരങ്ങളുമായും സര്‍ക്കാരിന്‍റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുലുമായും കൂടിക്കാഴ്ച നടത്തിയശേഷം ബിസിബി പ്രസിഡന്‍റ് അമീനുള്‍ ഇസ്ലാമാണ് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനില്ലെന്നും പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.
Read more
ടൂർണമെന്റിൽ ബംഗ്ലാദേശിന് പകരക്കാരായി സ്കോട്ട്ലൻഡിന് നറുക്ക് വീഴുമെന്നാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശ് ഇന്ത്യയിൽതന്നെ മത്സരങ്ങൾ കളിക്കണമെന്നും തയ്യാറല്ലെങ്കിൽ പകരം സ്കോട്ട്ലൻഡിനെ പരിഗണിക്കുമെന്നുമാണ് ഐസിസി നേരത്തെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തിലും ലോകകപ്പിൽ ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്‌ലൻഡ് കളിക്കാനാണ് സാധ്യത.







