കടങ്ങള്‍ ഒഴിച്ച് ആരേം, ഒന്നിനേം എഴുതി തള്ളരുത്, ഉദാഹരണം ഇവര്‍

മനീഷ് മധുസുദന്‍

കടങ്ങള്‍ ഒഴിച്ച് ആരേം, ഒന്നിനേം എഴുതി തള്ളരുത്. കാരണം അങ്ങനെ എഴുതി തള്ളിയവര്‍ ആണ് പില്‍ക്കാലത്തൊക്കേയും ചരിത്രം രചിച്ചിട്ടുള്ളത്.. റിയാന്‍ പരാഗിന്റെ ഇന്നത്തെ പ്രകടനം ഒന്നുകൊണ്ടു മാത്രമല്ല ഇങ്ങനെ പറയുന്നത്, കാരണം ചരിത്രം മിക്കപ്പോഴും അങ്ങിനെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. മുഹമ്മദ് സിറാജ് എന്ന ഇന്ത്യയുടെ ഇന്നത്തെ ഒഴിച്ചുകൂടാനാവാത്ത ഫാസ്റ്റ് ബൗളറുടെ കരിയറിലേക്ക് ഒന്ന് നോക്കൂ..

ഒരു കാലത്ത് ചെണ്ട എന്ന് വിളിച്ചു അയാളെയും അയാളുടെ പ്രതിഭയെയും എത്രത്തോളം അപമാനിച്ച ഇടത്തു നിന്നുമാണ് കൊല്‍ക്കത്തയ്ക്ക് എതിരായ ആ ഒരൊറ്റ കളി കൊണ്ട് അയാളുയിര്‍ത്തെഴുന്നേറ്റ് വന്നത്, ലേലത്തിന് പോലും വെയ്ക്കാതെ ബാംഗ്ലൂര്‍ പോലെ ഒരു ടീം അയാളെ ചേര്‍ത്ത് പിടിച്ചത്. അതുപോലെ ഒരു രാത്രി ആയിരുന്നു പരാഗിനിന്ന്..

ഒരു 21 വയസുകാരന് ഗ്രൗണ്ടില്‍ താങ്ങാവുന്നതിലും അപ്പുറം സമ്മര്‍ദ്ദത്തോടെ ആവും ഇക്കഴിഞ്ഞ പല കളികളിലും അയാള്‍ കളിക്കളത്തില്‍ നിന്നിട്ടുണ്ടാവുക… അയാളെയും അയാളുടെ ഫോമിനെയും ടീം മാനേജ്‌മെന്റിനെയും അത്രയധികം നമ്മള്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വിധേയമാക്കിയിട്ടുണ്ട്. വിമര്‍ശിക്കുന്നവര്‍ക്ക് ന്യായങ്ങള്‍ ഉണ്ടാവാം പക്ഷേ അവിടെയും നാം കാണാതെ പോകുന്ന ചില ഫാക്റ്റുകള്‍ ഉണ്ട്. അയാളിറങ്ങുന്ന പൊസിഷനും അയാള്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന സമയവും ബോളുകളും ഒന്നും പലപ്പോഴും നമ്മളീ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നില്ല. ഫീല്‍ഡില്‍ അയാള്‍ കാണിക്കുന്ന അച്ചടക്കവും ആത്മാര്‍ഥതയും മികവും നമ്മള്‍ കണ്ടില്ല എന്ന് നടിക്കുന്നു.പലരുടെയും കാഴ്ചപ്പാടില്‍ കളിക്കുന്ന ബോളുകളില്‍ എല്ലാം ബൗണ്ടറി പായിക്കുകയും എറിയുന്ന പന്തുകളില്‍ എല്ലാം വിക്കറ്റ് നേടുകയും ചെയ്യുന്നവരാണ് കഴിവുള്ള ക്രിക്കറ്റര്‍മാര്‍..

ഓണ്‍ലൈന്‍ ക്രിക്കറ്റ് കോച്ചുമാര്‍ക്ക് ഒരുപക്ഷേ അയാള്‍ അനഭിമതന്‍ ആയിരിക്കാം. പക്ഷേ, രാജസ്ഥാന്‍ പോലെ ഒരു ടീം പരാഗിനെ ചൂസ് ചെയ്തത് ഒരു ദീര്‍ഘകാല അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. കാരണം സഞ്ജു സാംസണ്‍ എന്ന നിലവിലെ അവരുടെ ക്യാപ്റ്റന്‍ രാജസ്ഥാനിലൂടെ ഉയര്‍ന്നു വന്ന താരമാണ്, അയാളുടെ കരിയര്‍ ഗ്രാഫിലുണ്ടായ മാറ്റങ്ങള്‍ക്ക് ഒക്കെയും ഒരു പരിധി വരേയും രാജസ്ഥാന്‍ മാനേജ്‌മെന്റ് നല്‍കിയ വിശ്വാസവും പരിഗണനയും കാരണമായിട്ടുണ്ട്. അതിന്റെയൊക്കെ പരിണിതഫലമാണ് രാജസ്ഥാന്‍ സഞ്ജുവിന്റെ നേതൃത്വത്തില്‍ ടേബിള്‍ ടോപ്പറായി ഇപ്പോഴെത്തി നില്‍ക്കുന്നത്.

17 മത്തെ വയസില്‍ IPL ലേ ഏറ്റവും പ്രായം കുറഞ്ഞ അര്‍ധസെഞ്ചുറി അടിക്കുന്ന പ്ലെയര്‍ എന്ന റെക്കോര്‍ഡ് നേടി വരവറിയിച്ച താരമാണയാള്‍. അത് ഒരു ചെറിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ഇന്നും അയാളൊരു അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്, അതും ടീം ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുമ്പോള്‍. അവസരോചിതമായ അയാളുടെ ആ ഒരിന്നിങ്‌സ് കൊണ്ട് തന്നെയാണ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ വിജയിച്ചത്. ഒരല്‍പം ഭാഗ്യത്തിന്റെ അകമ്പടി കൂടി ഉണ്ടായിരുന്നു എങ്കില്‍ കൂടി ഇന്നയാള്‍ കളിച്ച ഷോട്ടുകള്‍ ഒക്കെയും ടോപ് ക്വാളിറ്റി ഷോട്ടുകള്‍ തന്നെയായിരുന്നു. പ്രത്യേകിച്ച് അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന് എതിരെ കവറിന് മുകളില്‍ കൂടി നേടിയ ഷോട്ട് നോക്കുക, എത്ര അനായാസയമായാണ് പരഗാ ലോങ് ബൗണ്ടറി ക്ലിയര്‍ ചെയ്യുന്നത്.

‘രാജസ്ഥാന്റെ മാത്രമല്ല വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെയും മികച്ച ഫിനിഷറവാന്‍ എനിക്ക് കഴിയും’ എന്നയാള്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ഒട്ടും അതിശയോക്തി തോന്നുന്നില്ല. കാരണം 21 വയസ്സാണ് അയാളുടെ പ്രായം, അയാള്‍ക്ക് മുന്നില്‍ ഇനിയും ഒരുപാട് അവസരങ്ങള്‍ ബാക്കിയുണ്ട്, ഒപ്പം രാജസ്ഥാനെ പോലെ ഒരു ഫ്രാഞ്ചയ്സിയും. ഒന്നുറപ്പാണ്.. IPL ഇല്‍ മാത്രം ഒതുങ്ങിയ കേവലം ഒരു ഫ്‌ലൂക്ക് മാത്രമാണ് പരാഗെന്ന് തോന്നുന്നില്ല.

ക്രിക്കറ്റ് അനിശ്ചിതത്വങ്ങളുടെ കളിയാണ്… ഒരൊറ്റ ഓവര്‍ കൊണ്ട് അവിടെ ജയ പരാജയങ്ങള്‍ മാറി മറിയാം, എന്തിനേറെ പറയുന്നു ഒരു കരിയര്‍ വരെ അടിമുടി മാറി മറിയാം… അതുകൊണ്ട് തന്നെ… കടങ്ങള്‍ ഒഴിച്ച് ആരേം, ഒന്നിനേം എഴുതി തള്ളരുത്……

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍