ഗെയിലിന് അര്‍ഹമായ യാത്രയയപ്പ് നല്‍കില്ലെന്ന വാശിയില്‍ വിന്‍ഡീസ്, വീണ്ടും തഴഞ്ഞു

ഇപ്പോഴും ക്രീസിന്റെ എതിര്‍വശത്ത് ക്രിസ് ഗെയിലിനെ കണ്ടാല്‍ ഏത് ബോളറും വിറയ്ക്കും. കുട്ടിക്രിക്കറ്റില്‍ ഇപ്പോഴും ഈ ഇടംകയ്യന്‍ പ്രധാനതാരം തന്നെയാണ്. പക്ഷേ കരിയറിന്റെ അവസാനത്തില്‍ എത്തി നില്‍ക്കുന്ന ക്രിസ് ഗെയിലിന് അര്‍ഹമായ വിരമിക്കലിന് അവസരം നല്‍കില്ലെന്ന വാശിയിലാണ് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന് അര്‍ഹമായ യാത്രയയപ്പ് തന്നെ നല്‍കുമെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന്റെ തലവന്‍ പറയുന്നുണ്ടെങ്കിലും നാട്ടില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ താരത്തെ ടീമില്‍ എടുക്കാന്‍ സെലക്ടര്‍മാര്‍ കൂട്ടാക്കിയിട്ടില്ല.

ഇംഗ്ളണ്ടിനും അയര്‍ലാന്‍ഡിനും എതിരേ നാട്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ ഗെയിലിന് അവസരം നല്‍കാന്‍ സെലക്ടര്‍മാര്‍ കൂട്ടാക്കിയിട്ടില്ല. എന്നാല്‍ ആദ്യ രണ്ടു മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഗെയ്ലിന് അവസരം നല്‍കിയില്ല. ജനുവരിയില്‍ വെസ്റ്റിന്‍ഡീസ് ഒമ്പത് മത്സരം കളിക്കുന്നുണ്ട്. ആറ് ട്വന്റി20 മത്സരവും മൂന്ന് ഏകദിനവും. കിംഗസ്റ്റണിലെ സബീന പാര്‍ക്കില്‍ നാട്ടുകാര്‍ക്ക് മുമ്പില്‍ വെച്ച് അയര്‍ലന്റിനെതിരേയുള്ള മത്സരം ഗെയിലിന് വിരമിക്കല്‍ മത്സരമാകുമെന്നാണ് ആരാധകര്‍ കരുതിയിരുന്നതെങ്കിലും ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് തീരുമാനം തകര്‍ത്തു.

I want to play for West Indies' - Chris Gayle remembers the call from the  board ahead of international comeback

നന്നേ ചെറിയ പ്രായം മുതല്‍ ജമൈയ്ക്കയ്ക്കും വെസ്റ്റിന്‍ഡീസിനും വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തുന്നയാളാണ് ഗെയ്ല്‍. അദ്ദേഹത്തിന് അര്‍ഹമായ യാത്രയയപ്പ് തന്നെ അവസരം വരുമ്പോള്‍ നല്‍കും. അയര്‍ലന്റിനെതിരേയുള്ള മത്സരമാകും ഗെയ്ലിന്റെ അവസാന മത്സരമെന്നത് ആരോ പറഞ്ഞൊപ്പിച്ച കുസൃതി മാത്രമാണ്. കേവലം ഒരു ട്വന്റി20 യ്ക്ക് മാത്രമായി പരിഗണിക്കപ്പെടേണ്ടയാളല്ല ഗെയ്ല്‍ എന്നും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് പ്രസിഡന്റ് റിക്കി സ്‌കെരിറ്റ് പറഞ്ഞു.

ഇടക്കാല പരിശീലകന്‍ ഫില്‍ സിമോണ്‍സിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സെലക്ഷന്‍ പാനലാണ് ടീമിനെ തീരുമാനിച്ചത്. ടീമിലേക്ക് തിരിച്ചെത്തിയ കീറന്‍ പൊള്ളാര്‍ഡാണ് ടീമിന്റെ നായകന്‍. നിക്കോളാസ് പൂരനെ ഉപനായകനുമാക്കിയിട്ടുണ്ട്.