ടീം ഇന്ത്യയില്‍ 'കംപ്ലീറ്റ് ഫീല്‍ഡര്‍' ആരുമില്ല, തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ഫീല്‍ഡിംഗ്ങ് വിപ്ലവത്തിന് തുടക്കമിട്ടത് രണ്ട് താരങ്ങളാണ്. യുവരാജ് സിംഗും മുഹമ്മദ് കൈഫും. അന്ന് വരെ ഫീല്‍ഡിംഗില്‍ ഇഴഞ്ഞ ഇന്ത്യയ്ക്ക് പുതിയ അനുഭവമായിരുന്നു ഈ യുവതുര്‍ക്കികളുടെ മിന്നല്‍ ഫീല്‍ഡിംഗ് പ്രകടനം.

സൗരവ് ഗാംഗുലിക്കു കീഴില്‍ കരിയര്‍ ആരംഭിച്ച കൈഫ് അന്നു ദേശീയ ടീമിലെ ഫീല്‍ഡിംഗ് ഐക്കണ്‍ തന്നെ ആയി മാറി. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളിലെ താരങ്ങളെ പോലെ നമുക്കും ഫീല്‍ഡിംഗില്‍ ലോകത്തെ വിസ്മയിപ്പിക്കാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന താരം കൂടിയായിരുന്നു കൈഫ്.

നിലവിലെ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് നിലവാരത്തിന്റെ കാര്യത്തില്‍ ലോക ക്രിക്കറ്റിലെ ഏതു വമ്പന്‍മാരോടും കിട പിടിക്കുന്നവരായി മാറിക്കഴിഞ്ഞു. ഇപ്പോഴത്തെ ടീമിലെ ഭൂരിഭാഗം പേരും മികച്ച ഫീല്‍ഡർമാരാണ്. എന്നാല്‍ കൈഫ് ഇപ്പോഴത്തെ ടീമിന്റെ ഫീല്‍ഡിംഗില്‍ അത്ര ഹാപ്പിയല്ല. ഒരു കംപ്ലീറ്റ് ഫീല്‍ഡറുടെ അഭാവം നിലവിലെ ടീമിനുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

താനും യുവരാജ് സിംഗും കംപ്ലീറ്റ് ഫീല്‍ഡര്‍മാര്‍ ആയിരുന്നുവെന്നും എന്നാല്‍ അതു പോലെയുള്ളവര്‍ ഇപ്പോഴത്തെ ടീമില്‍ ഇല്ലെന്നും കൈഫ് ചൂണ്ടിക്കാട്ടി. കംപ്ലീറ്റ് ഫീല്‍ഡറാവണമെങ്കില്‍ മികച്ച ക്യാച്ചറായിരിക്കണം, നിരന്തരം സ്റ്റമ്പില്‍ പന്തെറിഞ്ഞ് കൊള്ളിക്കണം, അതിവേഗം ഓടാന്‍ കഴിയണം, ചലിച്ചു കൊണ്ടിരിക്കുന്ന പന്ത് പിടിച്ചെടുക്കാന്‍ ശരിയായ ടെക്നിക്കും ഉണ്ടായിരിക്കണം. അങ്ങനെയൊരാളെ മാത്രമേ കംപ്ലീറ്റ് ഫീല്‍ഡറായി പരിഗണിക്കാന്‍ സാധിക്കുകയുള്ളൂവെന്നു സ്പോര്‍ട്സ് സ്‌ക്രീനെന്ന യൂട്യൂബ് ചാനലില്‍ കൈഫ് വിശദമാക്കി.

ഇപ്പോഴത്തെ ഇന്ത്യന്‍ സംഘത്തിലെ മികച്ച ഫീല്‍ഡര്‍ ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയാണെന്നു 39- കാരനായ കൈഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ സ്ലിപ്പ് ക്യാച്ചിംഗ് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നു അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്ലി, രോഹിത് ശര്‍മ ഇവരില്‍ രോഹിത്തിന്റെ ബാറ്റിംഗാണ് വേറെ ലെവലെന്നു കൈഫ് പറഞ്ഞു. ഒരു നഗരത്തില്‍ ഒരേ സമയത്ത് രണ്ടു മല്‍സരങ്ങള്‍ നടക്കുന്നു. കോലി ഒരു ടീമിലും രോഹിത് മറ്റൊരു ടീമിലും കളിക്കുകയാണെങ്കില്‍ താന്‍ രോഹിത്തിന്റെ പ്രകടനം കാണാനാണ് ഇഷ്ടപ്പെടുകയെന്നു കൈഫ് കൂട്ടിച്ചേര്‍ത്തു.