ഏഷ്യാ കപ്പ് വേണ്ട, പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചാല്‍ മാത്രം മതി; പാക് പടയൊരുക്കത്തെ കുറിച്ച് മുന്‍ താരം

ഏഷ്യാ കപ്പ് ക്രിക്കറ്റിനായുള്ള പാകിസ്ഥാന്റെ തയാറെടുപ്പുകളെ വിമര്‍ശിച്ച് മുന്‍ ബോളര്‍ തൗസീഫ് അഹമ്മദ്. ഏഷ്യാ കപ്പ് നേടണമെന്നതിനല്ല ബോര്‍ഡ് പ്രധാന്യം നല്‍കുന്നതെന്നും ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങള്‍ ജയിക്കുക എന്നത് മാത്രമാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും തൗസീഫ് വിമര്‍ശിച്ചു.

‘പിസിബി ഒരു ടീമിനെ തയാറാക്കിയിട്ടു പോലുമില്ല. സൗദ് ഷക്കീലിനെ പോലെയുള്ള താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്. പാകിസ്ഥാന്‍ ഒരു മികച്ച ടീമായിരിക്കണം. ശുഐബ് മാലിക്കിനെ അവര്‍ ടീമിലെടുക്കുമെന്നാണു പ്രതീക്ഷിച്ചത്. അതുണ്ടായില്ല.’

‘പാകിസ്ഥാന്‍ ഏഷ്യാ കപ്പിനെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇന്ത്യയുമായുള്ള രണ്ടോ മൂന്നോ കളികള്‍ മാത്രമാണു നമുക്കു പ്രധാനം. ആ മത്സരങ്ങള്‍ ജയിച്ചാല്‍ അതുമതിയെന്നാണു നിലപാട്. അതല്ല ശരിയായ വഴി. പാക് ടീം കൃത്യമായ ആസൂത്രണങ്ങള്‍ നടത്തണം’ തൗസീഫ് പറഞ്ഞു.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു ഏഷ്യാ കപ്പ് മത്സരങ്ങള്‍ നടക്കുന്നത്. 28 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം.