രോഹിത്തിന്റേത് ശരാശരി പ്രകടനം മാത്രമെന്ന് കിവീസ് സൂപ്പര്‍ താരം

Advertisement

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടിന്നിംഗ്സുകളിലും സെഞ്ച്വറി നേടിയ രോഹിത്ത് ശര്‍മ്മയുടെ പ്രകടനത്തെ അത്ര എടുത്തു പറയേണ്ടതല്ലെന്ന് ന്യൂസിലന്‍ഡ് സൂപ്പര്‍ താരം ജിമ്മി നിഷാം. രോഹിത്ത് മോശമല്ലാതെ തുടങ്ങിയെന്നു പറയുന്നതാവും ഉചിതമെന്നായിരുന്നു ജിമ്മി നിഷാമിന്റെ ട്വീറ്റ്.

ടെസ്റ്റ് ഓപ്പണറായി രോഹിത്തിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന ഒരു ആരാധകന്റെ ട്വീറ്റിനു മറുപടിയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. രോഹിത്തിന്റെ ഇന്നിംഗ്‌സിനെ ലോകം മുഴുവന്‍ പ്രശംസിക്കുമ്പോഴാണ് നിഷാം തികച്ചും വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. നിഷാമിന്റെ ട്വീറ്റിനെതിരെ ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

രോഹിത്തിന്റെ പ്രകടനത്തെ നിഷാം കാര്യമായെടുക്കുന്നില്ലെങ്കിലും ഓപ്പണിംഗില്‍ ഇതിനേക്കാള്‍ മികച്ചൊരു തുടക്കം മറ്റൊരു താരത്തിനും ഇനി ലഭിക്കാനില്ല. കരിയറില്‍ ആദ്യമായി ടെസ്റ്റില്‍ രോഹിത് ഓപ്പണറായി ഇറങ്ങിയ മല്‍സരം കൂടിയായിരുന്നു കഴിഞ്ഞ ടെസ്റ്റ്. തകര്‍പ്പന്‍ ഇന്നിംഗ്സുകളിലൂടെ പല റെക്കോഡുകളും അദ്ദേഹം തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

ആദ്യ ഇന്നിംഗ്സില്‍ 176 റണ്‍സ് അടിച്ചെടുത്ത ഹിറ്റ്മാന്‍ രണ്ടാമിന്നിംഗ്സില്‍ അതിവഗം 127 റണ്‍സും സ്വന്തമാക്കിയിരുന്നു.