വിക്കറ്റെടുക്കാന്‍ മറന്ന് ഇന്ത്യന്‍ പേസര്‍മാര്‍, അടിമുടി പതറി ടീം ഇന്ത്യ

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ മൂര്‍ച്ച നഷ്ടപ്പെട്ട് ഇന്ത്യന്‍ പേസര്‍മാര്‍. ആദ്യ ദിനം 23 ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇതോടെ ആദ്യ ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി കിവീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സ് എടുത്തിട്ടുണ്ട്.

10 വിക്കറ്റ് അവശേഷിക്കെ ന്യൂസിലന്‍ഡ് ആദ്യ ഇന്നിംഗ്‌സില്‍ 179 റണ്‍സ് മാത്രം പിറകിലാണ്. കിവീസ് ഓപ്പണര്‍മാരെ ഒരുതരത്തിലും അലോസരപ്പെടുത്താനാവാത്തത് ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കണിശത കാണിക്കുന്നുണ്ട്.

ഭുംറയും ഷമിയും ഏഴ് ഓവറും ഉമേശ് യാദവ് എട്ട് ഓവറും ജഡേജ ഒരോവറും ആണ് എറിഞ്ഞത്. ജഡേജ ആദ്യ ഓവര്‍ തന്നെ മെയ്ഡിനാക്കി.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ 242 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ പൃഥിഷായും പൂജാരയും വിഹാരിയുമാണ് വന്‍ നാണക്കേടില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്.

പൃഥി ഷായും പൂജാരയും 54 റണ്‍സ് വീതം സ്വന്തമാക്കിയപ്പോള്‍ വിഹാരി 55 റണ്‍സ് സ്വന്തമാക്കി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പുതുമുഖ താരം ജാമിസന്‍ ആണ് കിവീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. 14 ഓവറില്‍ മൂന്ന് മെയ്ഡിനടക്കം 45 റണ്‍സ് വഴങ്ങിയാണ് ജാമിസന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ടിം സൗത്തിയും ബോള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്ക്കായി മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. അഗര്‍വാള്‍ (7), കോഹ്ലി (3), രഹാന (7), പന്ത് (12), ജഡേജ (9), ഉമേഷ് യാദവ് (0), ഷമി (16) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ഇന്ത്യന്‍ ടീമില്‍ ഒരു മറ്റമാണ് വരുത്തിയിരിക്കുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്ക് പകരം ഉമേശ് ടീമില്‍ ഇടംപിടിച്ചു. ആദ്യ മത്സരം 10 വിക്കറ്റിന് തോറ്റതിനാല്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.