ഇന്ത്യയുടെ കിടിലന്‍ കോമ്പിനേഷന്‍ ഏതെന്ന് പറഞ്ഞ് നാസര്‍ ഹുസൈന്‍

ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയെ സംബന്ധിച്ച് നിരന്തരം വിലയിരുത്തല്‍ നടത്തുന്നയാളാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. തുടരെ അഭിപ്രായപ്രകടങ്ങള്‍ ഹുസൈന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും കോച്ച് രവി ശാസ്ത്രിയും തമ്മില്‍ കിടിലന്‍ കോമ്പിനേഷനാണെന്നും അതാണ് ടീമിന്റെ വിജയത്തിന് ആധാരമെന്നും നാസര്‍ ഹുസൈന്‍ പറയുന്നു.

കോച്ചെന്ന നിലയില്‍ രവി ശാസ്ത്രി കോഹ്ലിയെ അയാളുടെ ഇഷ്ടത്തിനുവിടും. ജയിംസ് ആന്‍ഡേഴ്‌സനുമായി വഴക്കിടുന്നതില്‍ നിന്നോ വെളിച്ചക്കുറവിന്റെ പേരില്‍ കളിക്കാരെ തിരിച്ചുവിളിക്കുന്നതില്‍ നിന്നോ ശാസ്ത്രി കോഹ്ലിയെ തടയില്ല. അതുകൊണ്ടാണ് കോഹ്ലി ഇത്രയും ആധികാരികതയോടെ ടീമിനെ നയിക്കുന്നത്- ഹുസൈന്‍ പറഞ്ഞു.

പുതിയ കാലത്തെ ഇന്ത്യയെയാണ് കോഹ്ലി പ്രതിനിധീകരിക്കുന്നത്. നിങ്ങളല്ല കളിയുടെ നടത്തിപ്പുകാരന്‍ എന്ന് അംപയര്‍മാര്‍ കോഹ്ലിയെ ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും അവഹേളിക്കപ്പെടാന്‍ കോഹ്ലി നിന്നുകൊടുക്കില്ല. ടീമിലെ സീനിയര്‍ താരങ്ങളും കോഹ്ലിക്ക് പിന്നില്‍ ഉറച്ചുനില്‍ക്കുന്നു. വെളിച്ചക്കുറവിനെ കുറിച്ച് കോഹ്ലി പരാതിപ്പെടുമ്പോള്‍ രോഹിത് ശര്‍മ്മ പിന്തുണയുമായെത്തി. രഹാനെയും രോഹിത്തും തന്ത്രങ്ങള്‍ മെനയുന്നതിലെ അഭിവാജ്യ ഘടകങ്ങളാണെന്നും നാസര്‍ ഹുസൈന്‍ വിലയിരുത്തി.