എൻ്റെ 'സോറോ' എടുത്തത് ഏറ്റവും നല്ല തീരുമാനം, വെളിപ്പെടുത്തലുമായി ഇമ്രാൻ താഹിർ

ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞ വാർത്ത ക്രിക്കറ്റ് ലോകത്ത് വലിയ ഞെട്ടൽ ഉണ്ടാക്കിയിരിന്നു. ധോണിയിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് ഏറെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമായിരുന്നു ജഡേജ. എന്നാൽ ലീഗ് ആരംഭിച്ചതിന് ശേഷം പഴയ ജഡേജയുടെ നിഴൽ മാത്രമായിരുന്നു ക്രിക്കറ്റ് ലോകം കണ്ടതെന്ന് പറയാം. കളിയുടെ എല്ലാ മേഖലയിലും തൻെറ സംഭാവന നൽകിയിരുന്ന ജഡേജ ഒന്നും ചെയ്യാൻ ആകാതെ നിസഹനായി നിന്ന അവസ്ഥ ആരാധകരെ നിരാശപെടുത്തിയിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി നായകസ്ഥാനം മഹേന്ദ്ര സിങ് ധോണിക്ക് കൈമാറി കളിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് സിഎസ്കെ പ്രസ്താവനയിൽ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ ജഡേജ നായകസ്ഥാനം ഒഴിഞ്ഞതുമായി ബന്ധപ്പെട്ട അഭിപ്രായം പറയുകയാണ് മുൻ താരം ഇമ്രാൻ താഹിർ.

” അതൊരു നല്ല കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും വലിയ ഫ്രാഞ്ചൈസിയെ നയിക്കാൻ ജഡേജക്ക് സാധിച്ചത് അഭിമാനകരമാണ്. ജഡേജ, നമുക്കറിയാവുന്നതുപോലെ, ഒരു ലോകോത്തര കളിക്കാരനാണ്, ഞാൻ അവനെ ‘സോറോ’ എന്ന് വിളിക്കുന്നു, കാരണം അവൻ വളരെ ബഹുമുഖ പ്രതിഭയാണ്. പക്ഷേ, നിർഭാഗ്യവശാൽ, ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന് അത് ആവർത്തിക്കാനായില്ല. അതുകൊണ്ട് തന്നെ അദ്ദേഹം സ്വയം പിന്മാറി നായകന്റെ ഉത്തരവാദിത്തം ധോണി ഭായിയെ ഏൽപ്പിച്ചത് നല്ല തീരുമാനം തന്നെയാണ് . അതൊരു മോശം കാര്യമായി എനിക്ക് തോന്നുന്നില്ല. ഇത് ജഡേജയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കും, കൂടാതെ അദ്ദേഹത്തിന് തന്റെ സ്വാഭാവിക കളി കളിക്കാനും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയും.”

ഇന്നലെ ചെന്നൈ പുറത്ത് വിട്ട വാർത്തകുറുപ്പിലാണ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിന് ധോണി തയാറായതായി ചെന്നൈ അറിയിച്ചത്’ ധോണിക്കും സുരേഷ് റെയ്നയ്ക്കും ശേഷം ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ താരമാണ് ജഡേജ. 2012 മുതൽ ചെന്നൈ ടീമിൽ കളിക്കുന്നു. 213 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചിട്ടുള്ള ധോണി നാലു തവണ ചെന്നൈയെ കിരീട നേട്ടത്തിലെത്തിച്ചിട്ടുണ്ട്. ധോണിക്കു കീഴിൽ രണ്ടു തവണ ചാംപ്യൻസ് ലീഗ് ട്വന്റി20 കിരീടവും ടീം സ്വന്തമാക്കി.

ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാധ്യതകൾ ഉണ്ടാകൂ എന്നതിനാൽ തന്നെ ചെന്നൈക്ക് സാധ്യതകൾ വളരെ കുറവാണ്. എന്നാലും ജഡേജ എന്ന നായകനിൽ നിന്നും താരത്തിലേക്ക് ഉള്ള മാറ്റം കളിയിൽ വ്യത്യാസം കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.