ബാറ്റ്‌സ്മാന്‍ അടുത്തേക്ക് വരുമ്പോള്‍ തള്ളണം; വിക്കറ്റിന് പിന്നില്‍ നിന്ന് ബോളറോട് മുഷ്ഫിഖര്‍ റഹിം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ച് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ്. എന്നാല്‍ മത്സരത്തിനിടയിലെ ബാംഗ്ലാദേശ് താരങ്ങളുടെ മര്യാദയില്ലാത്ത പെരുമാറ്റം ഏറെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. ബംഗ്ലാദേശ് താരം മുഷ്ഫിഖര്‍ റഹിമിന്റെ വാക്കുകളാണ് ആരാധകരുടെ അമര്‍ഷം ഏറ്റുവാങ്ങുന്നത്.

ലങ്കന്‍ ഇന്നിംഗ്‌സിന്റെ 11ാം ഓവറില്‍ മെഹ്ദി ഹസന്‍ ബോള്‍ ചെയ്യുമ്പോഴാണ് സംഭവം. ബാറ്റ്‌സ്മാന്‍ അടുത്തേക്ക് വരുമ്പോള്‍ തള്ളാനാണ് മുഷ്ഫിഖര്‍ ബോളറിനോട് പറയുന്നത്. ബംഗാളി ഭാഷയിലാണ് ഇവിടെ മുഷ്ഫിഖര്‍ സംസാരിച്ചത്. മുഷ്ഫിഖറിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കില്‍ വ്യക്തമായി പതിഞ്ഞു.

പലപ്പോഴും പ്രകോപനമായ സമീപനങ്ങള്‍ കൊണ്ട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്നവരാണ് ബംഗ്ലാദേശ് താരങ്ങള്‍. ഇക്കാര്യത്തില്‍ മുഷ്ഫിഖര്‍ റഹിം ഏറെ മുന്നിലാണ്. പലപ്പോഴും എതിരാളികളുടെയും ക്ഷമ നശിപ്പിക്കുന്ന സമീപനമാണ് താരത്തിന്റേത്.

മുഷ്ഫിഖറിന്റെ സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശ് ജയിച്ചു കയറിയത്. 127 പന്തില്‍ നിന്ന് മുഷ്ഫിഖര്‍ 125 റണ്‍സ് നേടി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 103 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ലങ്കന്‍ ടീം ഏറ്റുവാങ്ങിയത്.