ധോണിയെ കുറിച്ച് വലിയ പ്രവചനം, കോച്ചിന്റെ വാക്കുകള്‍ അറംപറ്റുമോ?

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അനിശ്ചിതത്വത്തിലായതോടെ ഏറ്റവും അധികം തിരിച്ചടിയേറ്റത് ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണിയ്ക്കാണ്. ഐപിഎല്ലിലൂടെ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് ടി20 ലോക കപ്പിനുളള ഇന്ത്യന്‍ ടീമില്‍ കയറാനുളള ധോണിയുടെ ശ്രമത്തിനാണ് ഇത് തിരിച്ചടിയായത്. ഇതോടെ ധോണിയുടെ കരിയര്‍ തന്നെ അവസാനിച്ചേക്കാമെന്നാണ് ഒരു വിഭാഗം ക്രിക്കറ്റ് വിദഗ്ധര്‍ പ്രവചിക്കുന്നത്.

ഇതിനിടെ ധോണിയെ കുറിച്ച് വലിയ പ്രവചനവുമായി ആദ്യകാല പരിശീലകന്‍ കേശവ് രഞ്ജന്‍ ബാനര്‍ജി രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ ഐപിഎല്‍ നടക്കാതിരുന്നാല്‍ ധോണിയുടെ രാജ്യാന്തര കരിയറിന് വലിയ തിരിച്ചടിയാവുമെങ്കിലും തന്റെ ആറാം ഇന്ദ്രിയും പറയുന്നത് ധോണി ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എത്തുമെന്ന് തന്നെയാണെന്ന് ബാനര്‍ജി പറഞ്ഞു. ടി20 ലോക കപ്പ് ധോണിയുടെ അവസാന രാജ്യാന്തര ടൂര്‍ണമെന്റാകുമെന്നും ബാനര്‍ജി പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലന ക്യാമ്പില്‍ പങ്കെടുത്ത ശേഷം റാഞ്ചിയില്‍ തിരിച്ചെത്തിയ ധോണിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി നിരന്തര സമ്പര്‍ക്കത്തിലാണെന്നും ബാനര്‍ജി പറഞ്ഞു.

ധോണി ശാരീരികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരുന്നുണ്ട്. ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ ആണ്. ജൂണ്‍വരെ ഐസിസി ടൂര്‍ണമെന്റുകളൊന്നുമില്ലാത്തതിനാല്‍ കാത്തിരിക്കാമെന്നും ബാനര്‍ജി വ്യക്തമാക്കി.

2019ലെ ഏകദിന ലോക കപ്പിനു ശേഷം ധോണി ഇന്ത്യക്കായി കളിച്ചിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത ധോണി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗിസ്‌ന്റെ പരിശീലന ക്യാമ്പിനല്‍ പങ്കെടുത്തിരുന്നു. ധോണി ഇനി രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും വീരേന്ദര്‍ സെവാഗും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.