വജ്രായുധങ്ങളെ തിരിച്ചു വിളിച്ചു, പാക് ക്രിക്കറ്റില്‍ നാടകീയനീക്കങ്ങള്‍

ഒടുവില്‍ പാക് സെലക്ടര്‍മാര്‍ കണ്ണു തറക്കുന്നു. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പിലേക്ക് പാക് താരങ്ങളായ മുഹമ്മദ് ആമിനേയും ആസിഫ് അലിയേയും തിരിച്ച് വിളിച്ചേയ്ക്കും. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ പാക് ബൗളര്‍മാരുടെ ദയനീയ പ്രകടനമാണ് കടുത്ത തീരുമാനങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡിനെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി മോശം ഫോമിലുളള ആമിര്‍ നിലവില്‍ ചിക്കന്‍പോക്‌സ് പിടിപെട്ട് ചികിത്സയിലാണ്. അതെസമയം ടീം മാനേജ്‌മെന്റ് ആമിറിനെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. ചീഫ് സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖിനും ഇതിനോട് താത്പര്യമുണ്ടെങ്കിലും ലോക കപ്പിന് മുന്നോടിയായി ആമിര്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.

നിലവില്‍ ആമിറിന്റെ മെഡിക്കല്‍ പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണ് പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റ്. രണ്ടാഴ്ചക്കുള്ളില്‍ ആമിര്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന് ഉറപ്പായാല്‍ അദ്ദേഹത്തെ ലോക കപ്പ് ടീമില്‍ ഉള്‍പ്പെടുത്തും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക് ടീമില്‍ അമീര്‍ ഇടം നേടിയിരുന്നെങ്കിലും ഒരു മത്സരത്തിലം കളിച്ചിരുന്നില്ല.

ഇംഗ്ലണ്ടിനെതിരെ കളിച്ച രണ്ട് ഏകദിനത്തിലും പാക് ബൗളര്‍മാര്‍ 350 റണ്‍സിലധികം വഴങ്ങിയിരുന്നു. ഇതോടെയാണ് ആമിറിനെ ഏത് നിലയ്ക്ക് പാക് ടീമിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ഒരുങ്ങുന്നത്. അടുത്ത കാലത്ത് മോശം ഫോമിലാണ് അമീര്‍. അവസാനം കളിച്ച 14 ഏകദിനങ്ങളില്‍ നിന്ന് വെറും അഞ്ച് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്.

ആമിറിനൊപ്പം ബാറ്റ്‌സ്മാന്‍ ആസിഫ് അലിയും ലോക കപ്പ് ടീമില്‍ ഇടം പിടിച്ചേക്കും. അങ്ങിനെയെങ്കില്‍ ഓപ്പണര്‍ ആബിദ് അലിയ്ക്കും, ഓള്‍ റൗണ്ടര്‍ ഫഹീം അഷ്റഫിനും ടീമിന് പുറത്തേക്ക് പോകേണ്ടി വരും. മെയ് 23 ആണ് ലോക കപ്പിനുള്ള തങ്ങളുടെ അന്തിമ ടീമുകളെ പ്രഖ്യാപിക്കാന്‍ ഐസിസി നല്‍കിയിരിക്കുന്ന അവസാന തിയതി.