വിരമിക്കലിനെ കുറിച്ച് ടെയ്‌ലര്‍, ഞെട്ടിത്തരിച്ച് ക്രിക്കറ്റ് ലോകം

2019ലെ ലോക കപ്പില്‍ ജയിച്ചിരുന്നെങ്കില്‍ താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമായിരുന്നെന്ന് ന്യൂസിലന്‍ഡ് സീനിയര്‍ ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍. രണ്ട് വര്‍ഷത്തിന് ശേഷം ഇംഗ്ലണ്ടില്‍ തന്നെ മറ്റൊരു ഐ.സി.സി ടൂര്‍ണമെന്റ് ഫൈനലിന് ഇറങ്ങാന്‍ തയാറെടുക്കവേയാണ് ടെയ്‌ലറുടെ ഈ വെളിപ്പെടുത്തല്‍.

‘ ലോര്‍ഡ്‌സിലെ ലോക കപ്പ് ഫൈനലിലെ തോല്‍വി ഏറെ നിരാശാജനകമായിരുന്നു. അന്ന് ഞങ്ങള്‍ വിജയിച്ചിരുന്നെങ്കില്‍ ഞാന്‍ വിരമിക്കുമായിരുന്നു. ഞാന്‍ അത് ചെയ്യാത്തതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം ഇന്നും ഞാന്‍ ഇവിടെയുണ്ട്’ ടെയ്‌ലര്‍ പറഞ്ഞു. 2019 ലെ ലോക കപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു.

ന്യൂസിലന്‍ഡിനായി 442 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമാണ് 37 കാരനായ ടെയ്‌ലര്‍. 18,000 ന് മേല്‍ റണ്‍സും താരം ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തും ടെയ്‌ലര്‍ ഉണ്ട്.

ഈ മാസം 18 പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടെയ്‌ലര്‍. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം.