കായിക ലോകത്തിനു മുമ്പില്‍ നാണംകെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ്, ആ മുറിവില്‍ മുളക് തേച്ച് മൈക്കല്‍ വോണ്‍

മിര്‍പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിചിത്രമായ രീതിയില്‍ പുറത്തായി മാനംപോയിരിക്കുകയാണ് ബംഗ്ലാദേശിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഷ്ഫിഖുര്‍ റഹീം. ബാറ്റില്‍നിന്ന് സ്റ്റംപിലേക്ക് നീങ്ങിയ ബോള്‍ കൈവെച്ച് തടഞ്ഞതിനാണ് താരത്തെ പുറത്താക്കിയത്. ഇതോടെ കായിക ലോകത്തിനു മുമ്പില്‍ നാണംകെട്ട് നില്‍ക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ്. ഇപ്പോഴിതാ ഈ പുറത്താകലില്‍ താരത്തെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍.

‘വളരെ എക്‌സ്‌ക്ലൂസീവ് ഹാന്‍ഡില്‍ഡ് ബോള്‍ ക്ലബ്ബായ മുഷ്ഫിഖറിലേക്ക് സ്വാഗതം.. ശരിയായ കളിക്കാര്‍ മാത്രമേ അംഗങ്ങളാകൂ’ എന്നാണ് വോണ്‍ എക്സില്‍ കുറിച്ചത്. ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് താരം പുറത്താകുന്നത് ഇതാദ്യമാണ്.

മത്സരത്തില്‍ കിവീസിന്റെ കൈല്‍ ജാമിസണ്‍ എറിഞ്ഞ 41-ാം ഓവറില്‍ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് വിക്കറ്റിലേക്ക് പോകുകയാണെന്ന് ധരിച്ച് റഹീം കൈ കൊണ്ട് തട്ടുകയായിരുന്നു. പിന്നാലെ ന്യൂസീലന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ രണ്ട് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരും ചര്‍ച്ച ചെയ്ത് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിടുകയായിരുന്നു. പിന്നാലെ ഫീല്‍ഡ് തടസപ്പെടുത്തിയതിന് (ഒബ്സ്ട്രക്റ്റിങ് ദ ഫീല്‍ഡ്) തേര്‍ഡ് അമ്പയര്‍ റഹീമിനെ പുറത്താക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താകുന്ന 11-ാമത്തെ താരമാണ് മുഷ്ഫിഖുര്‍ റഹീം. പുറത്താകുമ്പോള്‍ 83 പന്തില്‍ നിന്ന് 35 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.