ഇന്ത്യയെ കാത്ത് മായങ്കിന്റെ ബാറ്റ്; മുംബൈയിലെ തുടക്കം മോശമല്ല

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 221/4 എന്ന നിലയില്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി(120 നോട്ടൗട്ട്)യാണ് ഇന്ത്യയെ താങ്ങിനിര്‍ത്തിയത്.

മഴതീര്‍ത്ത പ്രതികൂല കാലാവസ്ഥ കാരണം വൈകിയാണ് മുംബൈയില്‍ ടോസ് ഇട്ടത്. നാണയ ഭാഗ്യം ലഭിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. മായങ്കും സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം തന്നെ നല്‍കി. ഒന്നാം വിക്കറ്റില്‍ ഇരുവരും 80 റണ്‍സ് ചേര്‍ത്തു. 44 റണ്‍സെടുത്ത ഗില്ലിനെ കിവി സ്പിന്നര്‍ അജാസ് പട്ടേല്‍ വീഴ്ത്തിയതോടെ ഈ സഖ്യം വേര്‍പിരിഞ്ഞു.

എന്നാല്‍ പിന്നീടാണ് ഇന്ത്യ പ്രതീക്ഷിക്കാത്ത ദുരന്തം വന്നുചേര്‍ന്നത്. മധ്യനിരയിലെ വമ്പന്‍മാരായ ചേതേശ്വര്‍ പുജാരയും (0) വിരാട് കോഹ്ലിയും (0) വന്നപാടേ മടങ്ങി. പുജാര അജാസിന്റെ പന്തില്‍ ബൗള്‍ഡായപ്പോള്‍ കോഹ്ലി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. വിവാദത്തിന്റെ മണമുണ്ടായിരുന്നു കോഹ്ലിയുടെ പുറത്താകല്‍. പന്ത് എഡ്ജ് ചെയ്തശേഷവും എല്‍ബിഡബ്ല്യൂ വിധിച്ച തേര്‍ഡ് അമ്പയറുടെ നടപടിയില്‍ ക്ഷോഭിച്ചാണ് കോഹ്ലി മടങ്ങിയത്. തുടര്‍ന്ന് ഒന്നാം ടെസ്റ്റിലെ ഹീറോ ശ്രേയസ് അയ്യര്‍ക്കൊപ്പം മായങ്ക് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പക്ഷേ, നിലയുറപ്പിച്ചെന്ന് തോന്നിച്ച ശ്രേയസിനെയും (18) അജാസ് പട്ടേല്‍ കൂടാരത്തിലെത്തിച്ചു.

മറുവശത്ത്, മായങ്ക് ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. പതിനാല് ഫോറുകളും നാല് സിക്‌സും ഇതുവരെ മായങ്ക് പറത്തിയിട്ടുണ്ട്. അജാസ് പട്ടേലിനെയാണ് മായങ്ക് പ്രധാനമായും നോട്ടമിട്ടത്. മായങ്കിന്റെ നാല് സിക്‌സും അജാസിന്റെ പന്തിലായിരുന്നു. കളിയവസാനിപ്പിക്കുമ്പോള്‍, വൃദ്ധിമാന്‍ സാഹ (25 നോട്ടൗട്ട്) മായങ്കിന് കൂട്ടായുണ്ട്.