'പക്വത വന്ന താരം, അസാമാന്യ പ്രതിഭ'; യുവതാരത്തെ വാനോളം പുകഴ്ത്തി രോഹിത്

മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഗംഭീരമാക്കിയ യുവബാറ്റര്‍ തിലക് വര്‍മയെ വാനോളം പ്രശംസിച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. തിലക് ഏറെ പ്രതിഭാശാലിയും റണ്‍സ് ദാഹമുള്ള താരവുമാണെന്ന് രോഹിത് പറഞ്ഞു.

തിലക് വര്‍മ്മ ഏറെ പ്രതിഭാശാലിയായ താരമാണ്. റണ്‍സ് ദാഹമുള്ള താരം. അതാണ് വളരെ പ്രധാനം. വളരെ പക്വത ഇതിനകം കൈവരിച്ചിരിക്കുന്നു. എപ്പോഴാണ് പന്ത് ഹിറ്റ് ചെയ്യേണ്ടത് എന്ന് വ്യക്തമായി അറിയാവുന്ന താരമായാണ് തിലകുമായി സംസാരിക്കുമ്പോഴൊക്കെ തോന്നീട്ടുള്ളത്- രോഹിത് ശര്‍മ്മ പറഞ്ഞു.

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് തിലക് വര്‍മ്മയ്ക്ക് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിലേക്ക് വിളിയെത്തിയത്.

അഞ്ച് ടി20കളുടെ പരമ്പരയില്‍ ആദ്യ മൂന്ന് കളികളില്‍ 39, 51, 49* എന്നിങ്ങനെയാണ് തിലക് വര്‍മ്മയുടെ സ്‌കോറുകള്‍. ഇതോടെ താരം ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 46ലെത്തി.