ഞാന്‍ ക്രീസിലേക്ക് വന്നാലുണ്ടല്ലോ..; നടരാജന് ഹെയ്ഡന്റെ മുന്നറിയിപ്പ്

മുംബൈ ഇന്ത്യന്‍സിനെതിരായ സണ്‍റൈസേഴ്‌സ് പേസര്‍ ടി നടരാജന്റെ ബോളിംഗ് പ്രകടനത്തെ വിമര്‍ശിച്ച് ഓസീസ് മുന്‍ താരം മാത്യു ഹെയ്ഡന്‍. ചെറിയ ബൗണ്ടറികളിലേക്ക് കളിക്കാന്‍ പറ്റുംവിധം ഫുള്‍ ടോസുകളാണ് നടരാജനില്‍ നിന്നും വന്നതെന്നാണ് ഹെയ്ഡന്‍ വിമര്‍ശിച്ചത്.

‘പാഡണിഞ്ഞ് അവിടെ നടരാജന് എതിരെ ഞാന്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ 26 റണ്‍സ് എടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കില്ല. പക്ഷേ 12-13 റണ്‍സ് ഉറപ്പായും ഞാന്‍ നേടും. ചെറിയ ബൗണ്ടറികളിലേക്ക് കളിക്കാന്‍ പറ്റുംവിധം ഫുള്‍ ടോസുകളാണ്. അത് അവിശ്വസനീയമാണ്’ മാത്യു ഹെയ്ഡന്‍ പറഞ്ഞു.

മുംബൈക്കെതിരെ ജയം പിടിച്ചെങ്കിലും നടരാജന്‍ എറിഞ്ഞ 18ാം ഓവര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആശങ്കപ്പെടുത്തിയിരുന്നു. ആ ഓവറില്‍ 26 റണ്‍സ് ആണ് നടരാജന്‍ വഴങ്ങിയത്. നാല് ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ നടരാജന്‍ വഴങ്ങിയത് 60 റണ്‍സും.

ഇന്ത്യയുടെ മികച്ച യോര്‍ക്കര്‍ ബോളറായ നടരാജന്‍ ഈ വിധം ഫുള്‍ ടോസുകള്‍ എറിയുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ഗാവസ്‌കറും പറഞ്ഞിരുന്നു. ഈ സീസണില്‍ 11 കളിയില്‍ നിന്ന് 9.44 ഇക്കണോമി റേറ്റില്‍ 18 വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്.