മാറ്റ് ഹെന്‍ട്രിയുടെ ഉജ്ജ്വല ബോളിംഗ്, വീണത് ഏഴു വിക്കറ്റ് ; സ്‌കോര്‍ നൂറ് പോലും തികയാതെ ദക്ഷിണാഫ്രിക്ക തകര്‍ന്നു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്റ് ബൗളര്‍ മാറ്റ് ഹെന്‍ട്രിയുടെ ഉജ്വല ബൗളിംഗ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ വ്യാഴാഴ്ച ആദ്യ ദിനം ഹെന്‍ട്രി ദക്ഷിണാഫ്രിക്കയുടെ ഏഴു വിക്കറ്റുകളാണ് എറിഞ്ഞിട്ടത്. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 95 റണ്‍സിന് അവസാനിക്കുകയും ചെയ്തു.

23 റണ്‍സ് വഴങ്ങിയ ഏഴുവിക്കറ്റുകള്‍ പിഴുത മാറ്റ് ഹെന്‍ട്രിയുടെ മാരക ബൗളിംഗിന് മുന്നില്‍ അടിപതറി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി എളുപ്പത്തില്‍ തിരിച്ചുപോകുകയായിരുന്നു. ടെസ്റ്റ് ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റുകളില്‍ കൂടുതല്‍ ഹെന്‍ട്രി വീഴ്ത്തുന്നതും ഇതാദ്യമാണ്. ഹെന്‍ട്രിയ്ക്ക് മുന്നില്‍ ആദ്യം വീണത് ദക്ഷിണാഫ്രിക്കയുടെ നായകന്‍ ഡീന്‍ എല്‍ഗാറാണ്. അതേ ഓവറില്‍ തന്നെ എയ്ഡന്‍ മാര്‍ക്രത്തിനെയും റാസി വാന്‍ ഡര്‍ ഡസ്സനെയും ഹെന്‍ട്രി മടക്കുകയായിരുന്നു. ഹെന്‍ട്രിയുടെ സ്പീഡും സ്വിംഗും അതിജീവിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിനെ 100 എന്ന സ്‌കോറില്‍ പോലും എത്തിക്കാന്‍ കിവീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല് 1932 ന് ശേഷം ഇതാദ്യമായിട്ടാണ് ദക്ഷിണാഫ്രിക്ക 100 റണ്‍സ് പോലും ആദ്യ ഇന്നിംഗ്‌സില്‍ എടുക്കാനാകാതെ പുറത്താകുന്നത്. 1932 ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള മത്സരത്തിലാണ് ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ഇതുപോലെ തകരുന്നത്. ഈ മത്സരത്തില്‍ 36 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് അവസാനിച്ചപ്പോള്‍ രണ്ടക്കം കാണാതെ മടങ്ങിയത് ഏഴു ബാറ്റ്‌സ്മാന്‍മാരായിരുന്നു. ഇത്തവണ രണ്ടുപേര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല്‍.