മത്സരം സമനിലയില്‍ ; 1008 റണ്‍സിന്റെ ലീഡുമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ ; ജാര്‍ഖണ്ഡിന് റെക്കോഡ്

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ കൂറ്റന്‍ റണ്‍സിന്റെ ചരിത്രം തിരുത്തിയെഴുതി ഝാര്‍ഖണ്ഡ് രഞ്ജിട്രോഫി ക്വാര്‍ട്ടറില്‍. കിഴക്കന്‍ മേഖലകളുടെ മത്സരത്തില്‍ നാഗാലാന്റിനെതിരേ 1008 റണ്‍സിന്റെ ലീഡുമായിട്ടാണ് ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറില്‍ എത്തിയത്. രഞ്ജിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഓവറോള്‍ ലീഡാണ് ഇത്. അതേസമയം റെക്കോഡ് തിരുത്തപ്പെട്ടെങ്കിലും ഝാര്‍ഖണ്ഡിന്റെ ഈ പ്രകടനം ഗുണത്തേക്കാളേറെ അവര്‍ക്ക് ദോഷം ഉണ്ടാക്കിയിരിക്കുകയാണ്.

മഹേന്ദ്രസിംഗ് ധോണിയുടെ നാട്ടുകാര്‍ ക്രിക്കറ്റിന്റെ ഒരു നിയമവും ലംഘിച്ചില്ലെങ്കില്‍ പോലും എതിരാളികളെ നാണം കെടുത്തി ക്രിക്കറ്റിന്റെ മാന്യത കളഞ്ഞുകുളിച്ചെന്നാണ് ഝാര്‍ഖണ്ഡിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. കളിയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 880 റണ്‍സാണ് ഝാര്‍ഖണ്ഡ് അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റിലെ തന്നെ നാലാമത്തെ ഏറ്റവും വലിയ സ്‌കോറായിരുന്നു ഈ മത്‌സരത്തില്‍ പിറന്നത്. നാഗാലാന്റ് 289 റണ്‍സിന് പുറത്തായതോടെ 591 റണ്‍സിന്റെ ലീഡുമായി മത്സരം നേരെ സമനിലയിലേക്ക് പോകുകയും ചെയ്തു.

മത്സരത്തില്‍ ബൗളര്‍മാര്‍ ബൗളര്‍മാര്‍ എറിഞ്ഞത് 103.3 ഓവറുകളായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ റിസര്‍വ് ടീമില്‍ കളിക്കുന്ന അനുകൂല്‍ റോയി മത്സരത്തില്‍ ബാറ്റിംഗ് വിരുന്ന് തന്നെ നടത്തി. 153 റണ്‍സാണ് ഇയാള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അടിച്ചത്. നാഗാലാന്റ് ഫീല്‍ഡര്‍മാര്‍ക്കും ഝാര്‍ഖണ്ഡിനെ പുറത്താക്കണമെന്ന് ഇല്ലായിരുന്നു. അവരുടെ ആദ്യ ഇന്നിംഗ്‌സില്‍ 10 ക്യാച്ചുകളാണ് നാഗാലാന്റ് ഫീല്‍ഡര്‍മാര്‍ താഴെയിട്ടത്. മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സിലെ ലീഡുമായി ഝാര്‍ഖണ്ഡ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു.