മാലിക്കിന് നാണക്കേടായി റണ്ണൗട്ട്; പരിചയസമ്പന്നന്‍ ബാലപാഠം പോലും മറന്ന നിമിഷം (വീഡിയോ)

ബംഗ്ലാദേശിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്റെ പരിചയസമ്പന്നനായ ബാറ്റര്‍ ഷൊയ്ബ് മാലിക്കിന്റെ റണ്ണൗട്ട് കണ്ടാല്‍ ആരും മൂക്കത്തു വിരല്‍വെച്ചു പോകും. അത്രയ്ക്കു വിചിത്രമായിരുന്നു മാലിക്കിന്റെ പുറത്താകല്‍.

ഷോട്ട് പിഴച്ചതിനു പിന്നാലെയുണ്ടായ ആശയക്കുഴപ്പവും അശ്രദ്ധയുമാണ് ഷൊയ്ബ് മാലിക്കിന് വിനയായത്. ബംഗ്ലാദേശ് മുന്നില്‍വച്ച 128 റണ്‍സ് വിജയലക്ഷ്യം തേടിയ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റിന് 23 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മാലിക് ക്രീസിലെത്തിയത്.

മുസ്താഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ ആറാം ഓവറിന്റെ അവസാന പന്ത് മാലിക്ക് തേര്‍ഡ്മാനിലേക്ക് തിരിച്ചുവിടാന്‍ ശ്രമിച്ചു. എന്നാല്‍ ടൈമിംഗ് തെറ്റിയ മാലിക്കിന്റെ ബാറ്റില്‍ തട്ടിയ പന്ത് നേരെ പോയത് വിക്കറ്റ് കീപ്പര്‍ നൂറുല്‍ ഹസന്റെ മുന്നിലേക്ക്. അപ്പോള്‍ ക്രീസിന് പുറത്തായിരുന്നു മാലിക്ക്;ബാറ്റ് വായുവിലും. അനായാസം ക്രീസില്‍ ബാറ്റ് മുട്ടിക്കാന്‍ മാലിക്കിന് സമയ മുണ്ടായിരുന്നു. പക്ഷേ, മാലിക് ആശയക്കുഴപ്പത്തിലും അങ്കലാപ്പിലുമായെന്നു തോന്നി. അവസരം മുതലെടുത്ത നൂറുല്‍ ഹസന്‍ എതിരാളി ബാറ്റ് ക്രീസില്‍ മുട്ടിക്കുന്നതിന് മുന്‍പ് ത്രോ സ്റ്റംപില്‍ കൊള്ളിച്ചു. തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പുറത്തായെന്ന് വ്യക്തമായതോടെ റണ്‍സൊന്നും എടുക്കാതെ മാലിക് പവലിയനിലേക്ക് മടങ്ങി. വിശ്വസ്തനായ താരം നിരാശപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ കളംവിട്ടത്.