താന്‍ ചെയ്യുന്നത് മാന്യതയില്ലാത്ത നടപടി, തുറന്നു പറഞ്ഞ് ബംഗളൂരു സൂപ്പര്‍ താരം

ഐപിഎല്ലിനെ പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുളള തന്റെ തീരുമാനം അമാന്യമാണെന്ന് തുറന്നു സമ്മതിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മുഈന്‍ അലി. ലോക കപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി ദേശീയ ടീം ആവശ്യപ്പെട്ടതിന്റെ ഭാഗമായാണ് മുഈന്‍ അലി ബംഗളൂരു വിടുന്നത്.

ഇന്ന് കിംംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ മത്സരം കൂടി കളിച്ചാകും അലി തിരിച്ച് പോകുക. ലോക കപ്പ് തയ്യാറെടുപ്പുകള്‍ക്കായി ഇംഗ്ലണ്ടിന് പാകിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നീ ടീമുകളുമായാണ് കളിക്കാനുള്ളത്. മുഈന്‍ അലിയും ഇംഗ്ലീഷ് ടീമിന്റെ ഭാഗമാണ്.

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രധാന പ്രതീക്ഷകളിലൊന്നായ താരമാണ് മുഈന്‍ അലി. പത്ത് മത്സരങ്ങളില്‍ നിന്നായി 216 റണ്‍സും അഞ്ച് വിക്കറ്റും അലി വീഴ്ത്തി കഴിഞ്ഞു.

ഇതോടെ തോറ്റമ്പിയ ടീം ഇപ്പോള്‍ വിജയ ട്രാക്കിലേക്കെത്തിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ വിജയിച്ചാല്‍ പ്ലേ ഓഫിലെത്താന്‍ ബംഗളൂരുവിന് സാധ്യതയുമുണ്ട്.

ഐപിഎല്‍ കളിക്കുന്ന എല്ലാ ഇംഗ്ലണ്ട് താരങ്ങളും രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് മടങ്ങും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ജോസ് ബട്ട്ലര്‍ ഇതിനകം തന്നെ ടീം വിട്ടു. ബെന്‍ സ്റ്റോക്, ജോണി ബെയര്‍സ്റ്റോ എന്നിവരാണ് ഐപിഎല്ലില്‍ കളിക്കുന്ന മറ്റു ഇംഗ്ലണ്ട് താരങ്ങള്‍.