കുംബ്ലെ അല്ലെങ്കില്‍ മറ്റൊരു ഇതിഹാസം; പുതിയ കോച്ചിനായി തെരച്ചില്‍ സജീവമാക്കി ദാദ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് സ്ഥാനത്ത് രവി ശാസ്ത്രിയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ തീവ്രയത്‌നം. ശാസ്ത്രി ഒഴിയുമ്പോള്‍ ആരെന്നതു സംബന്ധിച്ച ആശയക്കുഴപ്പത്തിന് അറുതിവന്നിട്ടില്ല. അതിനു പരിഹാരം കാണാന്‍ ബിസിസിഐ അല്‍പ്പം പണിപ്പെടേണ്ടിവരും.

രാഹുല്‍ ദ്രാവിഡിനെയാണ് ഇന്ത്യയുടെ പുതിയ കോച്ചിന്റെ സ്ഥാനത്ത് ബിസിസിഐ പരിഗണിച്ചിരുന്നത്. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ആ ചുമതലയില്‍ തുടരാനാണ് താല്‍പര്യം പ്രകടിപ്പിച്ചത്. ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയെയും ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ബിസിസിഐ ക്ഷണിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മഹേല ഈ ആവശ്യം നിരസിച്ചതായാണ് വിവരം.

ഈ സാഹചര്യത്തില്‍ മുന്‍ കോച്ച് അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ കോച്ചാക്കാനാണ് ബിസിസിഐയുടെ ശ്രമം. 2016-17 കാലയളവില്‍ ഇന്ത്യയുടെ മുഖ്യ കോച്ചായിരുന്ന കുംബ്ലെ, ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് സ്ഥാനമൊഴിഞ്ഞത്. ഇന്ത്യന്‍ ടീമില്‍ കോഹ്ലിയുടെ അപ്രമാദിത്വം അവസാനിക്കുന്നതിന്റെ സൂചനകള്‍ വന്ന സാഹചര്യത്തില്‍ ഹെഡ് കോച്ച് പദവിയിലേക്ക് കുംബ്ലെ തിരിച്ചെത്തിയാല്‍ അതിശയമില്ല.

ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ വലിയ സംഭാവനകള്‍ കുംബ്ലെയ്‌ക്കൊപ്പം ലക്ഷ്മണിനും സാധ്യത നല്‍കുന്നു. മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ ലക്ഷ്മണിനോട് ഗാംഗുലിആവശ്യപ്പെട്ടതായാണ് വിവരം. പഴയ ദുരനുഭവത്തിന്റെ പേരില്‍ കുംബ്ലെ കോച്ചാകാന്‍ വിസമ്മതിച്ചാല്‍ ലക്ഷ്മണിന് പ്രാമുഖ്യം ലഭിക്കുമെന്ന് ക്രിക്കറ്റ് വൃത്തങ്ങള്‍ പറയുന്നു.