ആ ബോളില്‍ എന്താണ് സംഭവിച്ചത്?, കോഹ്‌ലിയുടെ ബോളിംഗ് വീഡിയോ പങ്കുവെച്ച് ബി.സി.സി.ഐ

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. നിലവില്‍ ഇന്ത്യന്‍ ടീം രണ്ട് ടീമായി തിരിഞ്ഞ് പരിശീലനം നടത്തുകയാണ്. മത്സരത്തിന്റെ രണ്ടാം ദിവസത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കെ.എല്‍ രാഹുലിനെതിരെ പന്തെറിയാനെത്തി. ഇതിന്റെ വീഡിയോ ബി.സി.സി.ഐ പുറത്തുവിട്ടു.

ബി.സി.സി.ഐ പങ്കുവെച്ച വീഡിയോയില്‍ ബോളിംഗ് മുഴുവനുമില്ല. കോഹ് ലി ബോള്‍ ചെയ്യുന്നത് മാത്രം കാട്ടി അടുത്തതായി എന്ത് സംഭവിച്ചെന്നാണ് നിങ്ങള്‍ കരുതുന്നത് എന്നാണ് പോസ്റ്റില്‍ ചോദിച്ചിരിക്കുന്നത്. സ്ട്രെയിറ്റ് ഡ്രൈവ്, പ്രതിരോധം, എല്‍ബിഡബ്ല്യൂ എന്നീ മൂന്ന് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

മത്സരത്തില്‍ വെടിക്കെട്ട് പ്രകടനവുമായി റിഷഭ് പന്ത് തിളങ്ങി. വെറും 94 പന്തുകളില്‍ നിന്ന് പുറത്താകാതെ 121 റണ്‍സാണ് പന്ത് അടിച്ചുചൂട്ടിയത്. ശുഭ്മാന്‍ ഗില്‍ 135 പന്തുകളില്‍ നിന്ന് 85 റണ്‍സ് നേടി. ബോളിംഗില്‍ ഇഷാന്ത് ശര്‍മ്മ തിളങ്ങി. വലം കൈയ്യന്‍ പേസറായ താരം 36 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ വീഴ്ത്തി.

ജൂണ്‍ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് മത്സരം. ജൂണ്‍ 23 റിസര്‍വ് ഡേ ആയിരിക്കും. കളി സമനിലയില്‍ പിരിഞ്ഞാല്‍ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും.