കോഹ്ലിക്ക് രക്ഷയില്ല; ഇനിയും ബുദ്ധിമുട്ടും, ഇന്ത്യയെ ചൊടിപ്പിച്ച് നാസര്‍ ഹുസൈന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബുദ്ധിമുട്ടുമെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍. ഓഫ് സ്റ്റംപിന് പുറത്തേക്കുപോകുന്ന പന്തുകളില്‍ കോഹ്ലി തുടര്‍ച്ചയായി ഔട്ടാകുന്ന പശ്ചാത്തലത്തിലാണ് ഹുസൈന്റെ നിരീക്ഷണം. കോഹ്ലിയെയും ഇന്ത്യന്‍ ക്യാംപിനെയും ചൊടിപ്പിക്കുന്നതായി ഹുസൈന്റെ വാക്കുകള്‍.

വിട്ടു കളയേണ്ട പന്തുകളാണ് കോഹ്ലി കളിച്ചത്. കോഹ്ലിയുടെ സാങ്കേതിക പ്രശ്‌നങ്ങളിലേക്ക് അത് വിരല്‍ചൂണ്ടുന്നു. ഷോട്ട് കളിക്കുമ്പോള്‍ വിരാടിന്റെ പിന്‍പാദത്തിന്റെ സ്ഥാനം ശരിയല്ല. ആന്‍ഡേഴ്‌സന്റെയും റോബിന്‍സന്റെയും പന്തുകളുടെ ലൈന്‍ കണക്കുകൂട്ടുന്നതിലും കോഹ്ലിക്ക് പിഴയ്ക്കുന്നു. പന്തു വിട്ടുകളയണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് കോഹ്ലി. എന്ത് ചെയ്യണമെന്ന് അയാള്‍ക്ക് ധാരണയില്ല. ഇത്രയും ഉന്നത നിലവാരമുള്ള ബൗളിംഗിന് മുന്നില്‍ കോഹ്ലിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല- ഹുസൈന്‍ പറഞ്ഞു.

ലീഡ്‌സില്‍ മൂന്നാം ദിനം കോഹ്ലി പിടിച്ചുനിന്നു. പഴയ പന്തില്‍ അധികം ബുദ്ധിമുട്ടാതെ ബാറ്റ് ചെയ്തു. വിട്ടു കളയേണ്ട പന്തുകളില്‍ കോഹ്ലി ബാറ്റ് വെച്ചില്ല. എന്നാല്‍ പുതിയ പന്ത് ലീവ് ചെയ്യാന്‍ പ്രയാസകരമാണ്. അത് സ്വിംഗ് ചെയ്യും. അതാണ് ലീഡ്‌സിലെ നാലാം ദിനത്തില്‍ കോഹ്ലിക്ക് മികച്ച ബാറ്റിംഗ് തുടരാന്‍ സാധിക്കാത്തതെന്നും ഹുസൈന്‍ പറഞ്ഞു.