ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി കൊച്ചി മെട്രോ

കൊച്ചി: ഐഎസ്എല്‍ മത്സരങ്ങള്‍ പ്രമാണിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കി കൊച്ചി മെട്രോ. ഇതിന്റെ ഭാഗമായി ആരാധകര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ വീണ്ടും സര്‍വീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.

ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്നും അവസാന ട്രെയിന്‍ ആലുവയിലേക്കും തൈക്കൂടത്തേക്കും പുറപ്പെടുക 10.45നായിരിക്കും. ഇതിന് പുറമെ കൂടുതല്‍ യാത്രക്കാരുണ്ടെങ്കില്‍ അധിക സര്‍വീസ് നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു. സാധാരണ ദിവസങ്ങളില്‍ അവസാന ട്രെയിന്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് 10.23നായിരുന്നു.

ഒഡിഷ എഫ്‌സിയുമായി വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നാം ഹോം മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പാണ് പുതിയ പ്രഖ്യാപനവുമായി കൊച്ചി മെട്രോ രംഗത്തെത്തിയത്.

മത്സരശേഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനായി ഒറ്റത്തവണ ടിക്കറ്റെടുക്കാനും സാധിക്കും. മത്സരം കാണാന്‍ വരുമ്പോള്‍ തന്നെ റിട്ടേണ്‍ ടിക്കറ്റും എടുത്താല്‍ മത്സരശേഷമുള്ള നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാകും.

അതെസമയം ഒഡിഷ എഫ്‌സിയ്‌ക്കെതിരെ നിര്‍ണായക പോരാട്ടത്തിന് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുക രണ്ടും കല്‍പിച്ചാണ്. പരിക്കും തുടര്‍തോല്‍വികളും മൂലം ആരാധകരെ നിരാശയിലാഴ്ത്തിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

ആദ്യ മത്സരത്തില്‍ എടികെയെ 2-1 ന് തോല്‍പിച്ച ശേഷമാണ് “പതിവ് പോലെ” ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോടും, മൂന്നാം മത്സരത്തില്‍ ഹൈദരാബാദ് എഫ് സി യോടും ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുകയായിരുന്നു. ഇതില്‍ മുംബൈക്കെതിരെ സ്വന്തം ഗ്രൗണ്ടിലും, ഹൈദരാബാദിനെതിരെ, എതിര്‍ തട്ടകത്തിലുമായിരുന്നു പരാജയങ്ങള്‍.