കിവികള്‍ നിലംപൊത്തുന്നു; ഇന്ത്യ ജയത്തിലേക്ക്

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. ഇന്ത്യ മുന്നില്‍വച്ച 540 എന്ന ഹിമാലയന്‍ ലക്ഷ്യം തേടുന്ന കിവീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 5ന് 140 എന്ന നിലയില്‍. രണ്ട് ദിവസവും അഞ്ച് വിക്കറ്റും അവശേഷിക്കെ ന്യൂസിലന്‍ഡിന് ജയിക്കാന്‍ 400 റണ്‍സ് കൂടി വേണം. ക്രിക്കറ്റ് ചരിത്രത്തിലെ മഹാത്ഭുതങ്ങളിലൊന്ന് സംഭവിച്ചാല്‍ മാത്രമേ സന്ദര്‍ശകര്‍ക്ക് രക്ഷയുള്ളൂ. സ്‌കോര്‍: ഇന്ത്യ- 325, 276 ഡിക്ലയേര്‍ഡ്. ന്യൂസിലന്‍ഡ്- 62, 140/5

ഒന്നാം ഇന്നിംഗ്‌സിലേതിനെക്കാള്‍ മികച്ച പ്രകടനം നടത്തിയെന്ന ആശ്വാസം കിവി ബാറ്റര്‍മാര്‍ക്ക് നല്‍കുന്നതായിരുന്നു മൂന്നാം ദിനത്തെ കളി. വലിയ ലക്ഷ്യം തേടിയ ന്യൂസിലന്‍ഡിനായി ഡാരല്‍ മിച്ചല്‍ (60), ഹെന്റി നിക്കോള്‍സ് (36 നോട്ടൗട്ട്) എന്നിവര്‍ ചെറുത്തുനിന്നു.

താത്കാലിക നായകന്‍ ടോം ലാഥം (6), ഓപ്പണര്‍ വില്‍ യംഗ് (20), റോസ് ടെയ്‌ലര്‍ (6) എന്നിവരെ ക്ഷണത്തില്‍ നഷ്ടപ്പെട്ട കിവികള്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ചതാണ്. എന്നാല്‍ മിച്ചലും നിക്കോള്‍സും പുറത്തെടുത്ത പ്രതിരോധം കിവികളെ കാത്തുരക്ഷിച്ചു. പക്ഷേ, ടോം ബ്ലന്‍ഡലിന്റെ റണ്ണൗട്ട് കളിയുടെ അവസാന ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ വീണ്ടും പ്രതിന്ധിയിലേക്ക് തള്ളിയിട്ടു. ഇന്ത്യക്കായി ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റ് പിഴുതു. അക്ഷര്‍ പട്ടേലിന് ഒരു ഇരയെ ലഭിച്ചു.