കേരളത്തിന്റെ രഞ്ജി പോരാട്ടം: രാഹുലിന് പിന്നാലെ സച്ചിനും സെഞ്ച്വറി; ഇരു ടീമുകളുടേയും ലക്ഷ്യം ആദ്യ ഇന്നിംഗ്‌സ് ലീഡ്

ഓപ്പണര്‍ പി. രാഹുലിനു പിന്നാലെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും സെഞ്ചുറി നേടിയതോടെ, മധ്യപ്രദേശിനെതിരെ രഞ്ജി ട്രോഫിയില്‍ കേരളം പൊരുതുന്നു. ചായയ്ക്ക് പിരിയുമ്പോള്‍ കേരളം രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് എന്ന നിലയിലാണ്. തുടര്‍ച്ചയായി നാലാം ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടാനുള്ള രോഹന്‍ എസ് കുന്നുമ്മലിന്റെ ശ്രമം പൊലിഞ്ഞെങ്കിലും ഓപ്പണറായി എത്തിയ പി രാഹുലും നായകന്‍ സച്ചിന്‍ ബേബിയും സെ്ഞ്ച്വറിക്കരുത്തോടെ കുതിച്ചു പായുകയാണ്. മൂന്നാം വിക്കറ്റില്‍ ഇരുവരും 182 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ 131 റണ്‍സോടെയും സച്ചിന്‍ ബേബി 113 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുകയാണ്. 358 പന്തുകള്‍ നേരിട്ട രാഹുല്‍ 17 ഫോറുകള്‍ സഹിതമാണ് 131 റണ്‍സെടുത്തത്. 225 പന്തുകള്‍ നേരിട്ട സച്ചിന്‍ ബേബി 11 ഫോറും രണ്ടു സിക്‌സും സഹിതം 113 റണ്‍സുമെടുത്തു. മത്സരം സമനിലയില്‍ ആയെന്ന് ഉറപ്പായതോടെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിനേക്കാള്‍ 221 റണ്‍സ് പിന്നിലാണ് കേരളം. ഒന്നാം ഇന്നിംഗ്‌സില്‍ മദ്ധ്യപ്രദേശ് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 585 റണ്‍സാണ് എടുത്തത്.

സീസീസണിലാദ്യമായി സെഞ്ചുറിയിലെത്താതെ പോയ ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ (75), വത്സല്‍ ഗോവിന്ദ് (15) എന്നിവരാണ് കേരള നിരയില്‍ പുറത്തായത്. കേരളത്തിനായി പി. രാഹുല്‍ രോഹന്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തിരുന്നു. 237 പന്തില്‍നിന്ന് ഇരുവരും സ്‌കോര്‍ ബോര്‍ഡില്‍ എത്തിച്ചത് 129 റണ്‍സ്. 110 പന്തുകള്‍ നേരിട്ട രോഹന്‍ എട്ടു ഫോറുകളോടെ 75 റണ്‍സെടുത്ത് പുറത്തായി. സ്ഥാനക്കയറ്റം ലഭിച്ച വത്സല്‍ ഗോവിന്ദ് 65 പന്തില്‍ ഒരു ഫോര്‍ സഹിതം 15 റണ്‍സെടുത്തും പുറത്തായി.