അടിച്ചൊതുക്കി എറിഞ്ഞിട്ട് സഞ്ജുവും പിള്ളേരും, വമ്പന്‍ ജയവുമായി കേരളം ക്വാര്‍ട്ടറില്‍

വിജയ് ഹസാരെ ഏകദിന ട്രോഫിയില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍. കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍ഔട്ടായി. ശ്രേയസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്പിന്‍ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയസ് നാലും വൈശാഖ് മൂന്നും വിക്കറ്റും വീഴ്ത്തി. ബേസില്‍ തമ്പിയും അഖിന്‍ സത്താറും ഓരോ വിക്കറ്റ് വീതം നേടി.

മഹാരാഷ്ട്രയ്ക്കായി ഓപ്പണര്‍മാരായ ഓപ്പണര്‍മാരായ കൗശല്‍ എസ് താംബെയും ഓം ഭോസലയും അര്‍ദ്ധ സെഞ്ച്വറി നേടി. ഓം ഭോസല 71 പന്തില്‍ 78 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. കൗശല്‍ 52 പന്തില്‍ 50 റണ്‍സെടുത്തു. 139 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ നേടിയത്. നിഖില്‍ നായിക് 21, രാമകൃഷ്ണ ഘോഷ് 20 എന്നിങ്ങനെയാണ് മറ്റ് പ്രധാന പ്രകടനങ്ങള്‍.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 383 റണ്‍സെടുത്തത്. കേരളത്തിനായി ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ സെഞ്ച്വറി നേടി. ഇരുവരുടെയും പ്രകടന കരുത്തില്‍ കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സ് എടുത്തു.

144 റണ്‍സെടുത്ത കൃഷ്ണ പ്രസാദാണ് ടീമിന്റെ ടോപ് സ്‌കോര്‍. 137 ബോളില്‍ 13 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. രോഹന്‍ കുന്നുമ്മല്‍ 95 ബോളില്‍ ഒരു സിക്‌സിന്റെയും 18 ഫോറിന്റെയും അകടമ്പടിയില്‍ 120 റണ്‍സെടുത്തു.

വിഷ്ണു വിനോട് 23 ബോളില്‍ നാല് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 43 റണ്‍സെടുത്തു. അബ്ദുള്‍ ബസിത് 18 ബോളില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 ബോളില്‍ 29 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണ്‍ മാത്രമാണ് കേരള നിരയില്‍ നിരാശപ്പെടുത്തിയത്.