അവനെ അടക്കിനിര്‍ത്തിയാലേ രക്ഷയുള്ളൂവെന്ന് ജോ റൂട്ട്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിന് വ്യാഴാഴ്ച ഓവലിലാണ് തുടക്കമാവുക. പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. അതിനാല്‍ത്തന്നെ ഇനിയുള്ള രണ്ടു ടെസ്റ്റുകളും നിര്‍ണായകം. പരമ്പരയില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ വിരാട് കോഹ്ലിയെ അടക്കിനിര്‍ത്തണമെന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട് പറയുന്നത്.

പരമ്പരയില്‍ ഇതുവരെ കോഹ്ലിയെ കൂച്ചുവിലങ്ങിട്ടതിന്റെ ക്രെഡിറ്റ് ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കുള്ളതാണ്. വിരാട് ലോകോത്തര ബാറ്റ്‌സ്മാനാണ്. അതിനാല്‍ ഇംഗ്ലണ്ട് ബൗളിംഗ് നിര അഭിനന്ദനം അര്‍ഹിക്കുന്നു. വിരാടിനെ പിടിച്ചുകെട്ടാന്‍ നമുക്ക് കഴിഞ്ഞു. സീരിസ് ജയിക്കണമെങ്കില്‍ അതു തുടരുകയുംവേണം- റൂട്ട് പറഞ്ഞു.

വിരാടിനെ ഔട്ടാക്കാനുള്ള വഴികള്‍ നമ്മള്‍ കണ്ടെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ അതിശയകരമായ കാര്യങ്ങള്‍ ചെയ്ത മികച്ച താരമാണ് കോഹ്ലി. ഏറ്റവും മികച്ച കളിക്കാരനെ പുറത്താക്കാന്‍ ഒരു ടീം വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ലീഡ്‌സിലെ തോല്‍വിക്ക്, ഇന്ത്യയെപ്പോലൊരു ലോകോത്തര ടീമില്‍ നിന്ന് തിരിച്ചടിയില്‍ നിന്ന് കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. പ്രലോഭനങ്ങളില്‍ വീഴാതിരിക്കുകയെന്നതാണ് ഇംഗ്ലണ്ടിനെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമെന്നും റൂട്ട് പറഞ്ഞു.