ഇന്ത്യയ്ക്ക് സഹായവുമായി പൂരന്‍; ഐ.പി.എല്‍ പ്രതിഫലത്തിന്റെ ഒരു വിഹിതം നല്‍കും

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക് സഹായവുമായി പഞ്ചാബ് കിംഗ്‌സിന്റെ വിന്‍ഡീസ് താരം നിക്കോളാണ് പൂരന്‍. ഐ.പി.എല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു വിഹിതം കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാനായി നല്‍കുമെന്ന് പൂരന്‍ പറഞ്ഞു.

“ഇത്തരമൊരു ദാരുണ സംഭവം തൊട്ടടുത്ത് നിന്ന് നോക്കി കാണേണ്ടി വരിക എന്നത് ഹൃദയഭേദകമാണ്. ഇത്രയും സ്‌നേഹവും പിന്തുണയും നല്‍കിയ രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാനാവുന്നത് മറ്റ് കളിക്കാര്‍ക്കൊപ്പം കൈകോര്‍ത്ത് ആളുകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്നതാണ്.”

“ആരോഗ്യ സംവിധാനങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കുന്നു. വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്നവര്‍ അത് ചെയ്യുക. ഇന്ത്യക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നതാണ് എനിക്ക് ചെയ്യാനാവുന്നത്, ഞാനത് ചെയ്യും. അതിനൊപ്പം ഐ.പി.എല്‍ പ്രതിഫലത്തിന്റെ ഒരു വിഹിതം ധനസഹായമായി നല്‍കും” പൂരന്‍ പറഞ്ഞു.

രാജസ്ഥാന്‍ താരം ജയ്ദേവ് ഉനദ്കട്ടും ഇന്ത്യന്‍ താരം ശിഖര്‍ ധവാനും സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. തന്റെ വേതനത്തിന്റെ 10% സംഭാവനയായി നല്‍കുമെന്നു പേസര്‍ ഉനദ്കട്ട് പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സ് താരം ശിഖര്‍ ധവാന്‍ 20 ലക്ഷം രൂപ കൈമാറി. ഐപിഎല്‍ മത്സരങ്ങളില്‍ തനിക്കു കിട്ടുന്ന സമ്മാനത്തുക ടൂര്‍ണമെന്റിനൊടുവില്‍ കൈമാറുമെന്നും താരം അറിയിച്ചു.