അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ഐപിഎല്‍ അരങ്ങേറ്റം; ഒടുവില്‍ ആ സത്യം വെളിപ്പെടുത്തി ജയവര്‍ധനെ

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍രെ മകനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ ഈ സീസണില്‍ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ വിശദീകരണവുമായി ടീം പരിശീലകന്‍ മഹേല ജയവര്‍ധനെ. മികച്ച കളിക്കാരെ ടീമിന്റെ ഭാഗമാക്കുക എന്നതാണ് പ്രധാനമെന്നും കാര്യങ്ങള്‍ നോക്കി തീരുമാനമെടുക്കുമെന്നും ജയവര്‍ധനെ പറഞ്ഞു.

‘ടീമിനുള്ളിലെ ഏറ്റവും മികച്ച കളിക്കാരെ കളത്തിലിറക്കുക എന്നതിലാണ് കാര്യം. അര്‍ജുന്‍ അതില്‍ ഉള്‍പ്പെട്ടാല്‍ നമുക്കത് പരിഗണിക്കാം. എന്നാല്‍ ടീം കോമ്പിനേഷനാണ് അവിടെ പ്രാധാന്യം നല്‍കേണ്ടത്. സ്‌ക്വാഡിലുള്ള എല്ലാവരും ഞങ്ങള്‍ക്ക് മുന്‍പിലെ സാധ്യതകളാണ്. എങ്ങനെയാണ് കാര്യങ്ങള്‍ മുന്‍പോട്ട് പോകുന്നത് എന്ന് നോക്കാം’ ജയവര്‍ധനെ പറഞ്ഞു.

2021ലും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന അര്‍ജുനെ ഇത്തവണയും മെഗാ ലേലത്തില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു. 30 ലക്ഷം രൂപക്കായിരുന്നു അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം ഭേദപ്പെട്ട പ്രകടനം നടത്താന്‍ അര്‍ജുനായിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നതോടൊപ്പം ബാറ്റ് ചെയ്യാനും അര്‍ജുന് മികവുണ്ട്. രണ്ട് ടി20യില്‍ നിന്ന് 67 റണ്‍സും മൂന്ന് വിക്കറ്റും അര്‍ജുന്‍ നേടിയിട്ടുണ്ട്.