ആറ് പന്തില്‍ ആറ് സിക്‌സ്; യുവിയുടെ പിന്‍ഗാമിയായി ജഡേജ

സൗരാഷ്ട്ര : ഇന്ത്യയുടെ ഏകദിന-ടി20 ക്രിക്കറ്റ് ടീമില്‍ ഇടമില്ലാത്ത രവീന്ദ്ര ജഡേജയെ എഴുതള്ളിയവര്‍ക്ക് കനത്ത മറുപടിയുമായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍. ഒരോവറിലെ ആറ് പന്തിലും സിക്‌സ് നേടിയാണ് ജഡേജ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

ജാംനഗറും അംരേലിയും തമ്മിലുള്ള ജില്ലാതല ട്വന്റി20 മല്‍സരത്തിലാണ് ആറു പന്തില്‍ ആറു സിക്‌സെന്ന അപൂര്‍വ നേട്ടം ജഡേജ സ്വന്തമാക്കിയത്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും ജഡേജ സ്വന്തമാക്കിയിരുന്നു.

69 പന്തില്‍ 10 സിക്‌സും 15 ഫോറും സഹിതം 154 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. ജഡേജയുടെ സെഞ്ച്വറിമികവില്‍ അദ്ദേഹത്തിന്റെ ടീമായ ജാംനഗര്‍ 20 ഓവറില്‍ 239 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തിന്റെ 15ാം ഓവറിലാണ് ജഡേജ ആറ് സിക്‌സ് പറത്തിയത്.

ഇതോടെ ജാംനഗര്‍ ഉയര്‍ത്തിയ 240 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അംരേലിക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ജാംനഗറിനായി മഹേന്ദ്ര ജേത്വ നാല് ഓവറില്‍ ആറ് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ജില്ലാതല മല്‍സരത്തിലാണെങ്കിലും, അടുത്ത കാലത്തായി പരിമിത ഓവര്‍ ക്രിക്കറ്റ് മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ വിഷമിക്കുന്ന ജഡേജയ്ക്ക് ഈ ഇന്നിങ്‌സ് ആത്മവിശ്വാസം പകരുമെന്ന് തീര്‍ച്ച. കുല്‍ദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും പോലുള്ള യുവതാരങ്ങള്‍ ടീമിലെത്തുകയും അവര്‍ അവസരം മുതലെടുക്കുകയും ചെയ്തതോടെ അടുത്ത കാലത്തായി ജഡേജയ്ക്കും അശ്വിനും ടെസ്റ്റ് ടീമില്‍ മാത്രമാണ് സ്ഥാനം. ഇപ്പോള്‍ നടക്കുന്ന ഇന്ത്യശ്രീലങ്ക ഏകദിന, ട്വന്റി20 മല്‍സരങ്ങളിലും ഇരുവരും ടീമിലില്ല.