ദ്രാവിഡിന്റെ കുട്ടികളെ വീഴ്ത്തിയത് ലങ്കയുടെ ആ പഴയ ടെക്‌നിക്

ഒരു കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പര്യടനത്തിനെത്തുന്ന വിദേശ ടീമുകളെ വരുതിക്ക് നിര്‍ത്താന്‍ ആതിഥേയ ഒരുക്കിയിരുന്ന സ്പിന്‍ പിച്ചുകള്‍ കുപ്രസിദ്ധമായിരുന്നു. ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ ക്രിക്കറ്റിന്റെ ചുവടുമാറ്റം ബാറ്റിംഗിന് ഇണങ്ങുന്ന പിച്ചുകളിലേക്കുള്ള പരിവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചു. ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും പോലുള്ള ടീമുകള്‍ കൂടുതല്‍ നന്നായി സ്പിന്നിനെ പ്രതിരോധിക്കാന്‍ തുടങ്ങിയതും കുത്തിത്തിരിയുന്ന വേഗംകുറഞ്ഞ പിച്ചുകളെ ആശ്രയിക്കുന്ന രീതിക്ക് ഏറെക്കുറെ അന്ത്യം കുറിച്ചു. മികച്ച പേസര്‍മാര്‍ എത്തിയതോടെ ഇന്ത്യയും കാലാനുസൃതമായ മാറ്റങ്ങളുടെ പിന്നാലെ പോയെന്ന് പറയാം. എന്നാല്‍ ലങ്കയിലെ അവസാന മത്സരങ്ങളില്‍ ഇന്ത്യയെ വട്ടംകറക്കിയത് ലങ്ക പുറത്തെടുത്ത ആ പഴയ അസ്ത്രം.

ശ്രീലങ്കന്‍ പര്യടനത്തിന്റെ തുടക്കത്തില്‍ ഇന്ത്യ നല്ല ആത്മവിശ്വാസത്തിലായിരുന്നു. ഈ യുവനിരയ്ക്കുപോലും ലങ്കയെ വീഴ്ത്താനുള്ള കെല്‍പ്പുണ്ടെന്ന് ഇന്ത്യ ഊറ്റംകൊണ്ടു. ആദ്യ രണ്ട് ഏകദിനങ്ങളിലും അതു തെളിയിക്കുന്ന പ്രകടനം തന്നെ ഇന്ത്യ താരങ്ങള്‍ പുറത്തെടുത്തു. എന്നാല്‍ ഇന്ത്യ അഞ്ച് കളിക്കാര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയ അവസാന ഏകദിനത്തില്‍ ജയം നേടിയ ലങ്കന്‍ സിംഹങ്ങള്‍ ആത്മവിശ്വാസം വീണ്ടെടുത്തു. എങ്കിലും ഏകദിന പരമ്പര ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചനകള്‍ നല്‍കുന്നതായിരുന്നു.

ട്വന്റി20യിലെ ആദ്യ മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം. എന്നാല്‍ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് ബാധിച്ചതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ക്രുണാലുമായി സമ്പര്‍ക്കത്തില്‍വന്ന എട്ട് കളിക്കാര്‍ ഐസൊലേഷനില്‍ പോയി. അതോടെ ടീം കാര്യമായി പൊളിച്ചുപണിവേണ്ടിവന്നു. അതോടെ പരിചയസമ്പന്നരല്ലാത്ത ഇന്ത്യ യുവനിരയെ നിലംപരിശാക്കാന്‍ ലങ്ക പിച്ചിലെ ഭൂതത്തെ ആവാഹിച്ചു. അങ്ങനെ കരിയറിലെ സുപ്രധാന മത്സരങ്ങളില്‍ ഏറ്റവും മോശം സാഹചര്യങ്ങളോട് പടപൊരുതേണ്ട അവസ്ഥ ഇന്ത്യയുടെ യുവ സംഘത്തിനുണ്ടായി. പിച്ചിന്റെ അവസ്ഥയെപ്പറ്റി കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പരിഭവത്തിലുണ്ട് എല്ലാം.

അവസാന മത്സരത്തില്‍ പവര്‍ പ്ലേയില്‍ സ്പിന്നിനെതിരെ ദേവദത്ത് പടിക്കല്‍ നന്നേ ബുദ്ധിമുട്ടുന്നത് കാണമായിരുന്നു. വാനിഡു ഹസരങ്കയുടെ പന്തിന് മുന്നില്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി അനുസരണയുള്ള കുട്ടിയാവുകയും ചെയ്തു. ഹസരങ്കയുടെ പന്ത് റീഡ് ചെയ്യാന്‍ പരമ്പരയില്‍ ഒരിക്കല്‍പ്പോലും സഞ്ജുവിന് സാധിച്ചിരുന്നില്ല. നന്നായി തുടങ്ങിയ ഒരു പര്യടനത്തിന്റെ അവസാനം ആവശ്യത്തിന് അങ്കലാപ്പുമായിട്ടാണ് ഇന്ത്യയുടെ മടക്കം. ലങ്കയ്ക്കാകട്ടെ തുടര്‍ പരാജയങ്ങള്‍ക്കൊടുവിലെ പുതുജീവനായി ഇന്ത്യക്കെതിരായ പരമ്പര ജയം. ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ചില ഒഴിവുകള്‍ നികത്തുകയായിരുന്നു ഈ പരമ്പരയുടെ ലക്ഷ്യം. താരങ്ങളുടെ പ്രകടന നിലവാരം പരിശോധിക്കുമ്പോള്‍ ലോക കപ്പിനുള്ള ടീം നിശ്ചയിക്കാന്‍ ബിസിസിഐക്ക് ഇനിയും പരീക്ഷണങ്ങള്‍ തുടരേണ്ടിവരും.