രോഹിതും കോഹ്‌ലിയും ഒന്നും ഇല്ലാത്തത് നന്നായി, രാഹുലാണ് നല്ല നായകനെന്ന് സുരേഷ് റെയ്ന

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ കെ എൽ രാഹുലിന്റെ ക്യാപ്റ്റൻ സാന്നിദ്ധ്യം ഇന്ത്യൻ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട കളിക്കാരെ സഹായിക്കുമെന്ന് സുരേഷ് റെയ്‌ന വിശ്വസിക്കുന്നു. എന്തുകൊണ്ടും ഈ പരമ്പരയിൽ രാഹുലാണ് ഇന്ത്യക്ക് പറ്റിയ നായകനെന്നും റെയ്ന പറഞ്ഞു..

അഞ്ച് മത്സരങ്ങളുള്ള ടി20 ഐ പരമ്പരയിൽ ടീം ഇന്ത്യ സന്ദർശകരായ പ്രോട്ടീസ് ടീമിനെ നേരിടും, ആദ്യ മത്സരം ജൂൺ 9 ന് നടക്കും. രോഹിത് ശർമ്മ ഇടവേള എടുത്തതോടെ 18 അംഗ ഇന്ത്യൻ ടീമിന്റെ കടിഞ്ഞാണ് രാഹുലിന് ലഭിക്കുക ആയിരുന്നു.

സ്റ്റാർ സ്‌പോർട്‌സ് ഷോയായ ‘ഗെയിം പ്ലാൻ’ എന്ന പരിപാടിയിൽ സംസാരിക്കവെ, രാഹുലിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള അഭിപ്രായം റെയ്‌നയോട് ചോദിച്ചു.

“അടുത്ത കാലത്ത് ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം വളരെ ശാന്തനും കംപോസുമാണ്. പുതിയതായി വന്ന കളിക്കാർക്ക് കെ എൽ രാഹുലിനെ പോലെയുള്ള ഒരു നേതാവിനെ വേണം. കുൽദീപും (യാദവ്) ചാഹലും ഉണ്ട്, ഇരുവരും ഒരുമിച്ച് കളിക്കും.”

“പുതിയ ഫാസ്റ്റ് ബൗളർമാരുണ്ട് – ഉമ്രാൻ മാലിക്, അവൻ പന്തെറിഞ്ഞ രീതി, പിന്നെ അർഷ്ദീപ്. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഋഷഭ് പന്തും ദിനേഷ് കാർത്തിക്കും ഉണ്ടാകും. അതിനാൽ അദ്ദേഹത്തിന്റെ (രാഹുലിന്റെ) സാന്നിധ്യം എനിക്ക് മികച്ചതായി അനുഭവപ്പെടുന്നു. അയാൾ ശാന്തത കൊണ്ടുവരും, ദക്ഷിണാഫ്രിക്കൻ കളിക്കാരും മികച്ചവരാണ്, അതിനാൽ ഇത് വളരെ മികച്ച മത്സരമായിരിക്കും.”