ഐപിഎല്ലിൽ കേദാർ ജാദവിന്റെ വെടിക്കെട്ടിന് കളം ഒരുങ്ങുന്നുവോ; ആകാംക്ഷയോടെ ആരാധകർ

ഐപിഎൽ 2023 സീസൺ തിരിച്ചുവരവുകളുടെ സീസൺ കൂടിയാണ്.  ഇന്ത്യന്‍ സീനിയര്‍ താരം അജിങ്ക്യ രഹാനെയുടെ പ്രകടനത്തില്‍ കണ്ണുതള്ളിയിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഇപ്പോഴിതാ അത്തരമൊരു തിരിച്ചുവരവ് കേദാർ ജാദവിനും സാധ്യമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഈ സീസണില്‍ ആര്‍സിബിക്കൊപ്പമാണ് താരം.  ഡേവിഡ് വില്ലിക്കേറ്റ പരിക്ക് ജാദവിന്റെ മടങ്ങിവരവിന് കാരണമായേക്കാം എന്ന കണക്ക് കൂട്ടലിലാണ് ക്രിക്കറ്റ് ആരാധകർ. ആർസിബി യുടെ  അടുത്ത മത്സരത്തിൽ കളിക്കാൻ ജാദവ്  110 ശതമാനവും ഫിറ്റാണെന്ന് റോയൽ  ചലഞ്ചേഴ്സ് കോച്ച് സഞ്ചയ് ബംഗാൾ പറയുന്നു.

അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കളിക്കാൻ ഒരുങ്ങുകയാണ് കേദാർ ജാദവ്. 2021 ലെ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്  വേണ്ടിയാണ് ജാദവ് അവസാനമായി കളത്തിലിറങ്ങിയത്. ആ സീസണിൽ ആറ് കളികളിൽ നിന്നായി 55 റൺസ് മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളു. സൺറൈസേഴിസിന് വേണ്ടി മിന്നും പ്രകടനം ഒന്നും തന്നെ കാഴ്ച വെക്കാൻ സാധിച്ചിരുന്നില്ല.

ഒരു വർഷത്തെ ഇടവേളക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ സജീവമായിരിക്കുയാണ് കേദാർ ജാദവ് ഇപ്പോൾ. തകർപ്പൻ ഫോമിൽ ഗംഭീര തിരിച്ചുവരവാണ് ഈ മഹാരാഷ്ട്ര ബാറ്റർ ഇപ്പോൾ നടത്തിയിക്കുന്നത്.  രഞ്ജി സീസണിൽ 92.5 ആണ്  ജാദവിന്റെ ശരാശരി. ഒരു വർഷത്തെ ഇടവേളയിലൂടെ താൻ ഫോം വീണ്ടെടുത്തുവെന്ന് താരവും വ്യക്തമാക്കി.

“ക്രിക്കറ്റ് അഭിനിവേശം തനിക്ക് നഷ്ടമായി എന്ന് വന്നപ്പോഴാണ് തിരികെ വരാൻ തീരുമാനിച്ചത്. കളിക്കാനുള്ള ആ തീവ്രമായ ആവേശവും അഭിനിവേശവും എല്ലാം തനിക്ക് ഇപ്പോഴും ഉണ്ട്. തന്റെ ഇരുപതുകളുടെ  തുടക്കത്തിലെഅതേ  ആവേശം  ഇപ്പോഴും ഉള്ളിലുണ്ട്. കൂറ്റൻ സ്കോറുകൾ അടിച്ചെടുക്കാനുള്ള വിശപ്പ്, അതിപ്പോഴും തനിക്കുണ്ട്. ഇനി ഐഎപിഎല്ലിൽ തിരിച്ച് വരുമെന്നും തകർപ്പൻ പ്രകടനം കാഴ്ച വെക്കുമെന്നും ജാദവ് പറയുന്നു.