ദ്രാവിഡിന്റെ വരവില്‍ കോഹ്ലി അതൃപ്തനോ?, കോച്ച് നിയമനത്തിലെ അവ്യക്തത തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്റെ റോളില്‍ രാഹുല്‍ ദ്രാവിഡിന്റെ വരവില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അതൃപ്തനെന്നു സൂചന. തന്നെ അറിയിക്കാതെ ബിസിസിഐ തീരുമാനങ്ങള്‍ എടുക്കുന്നതാണ് കോഹ്ലിയെ ചൊടിപ്പിക്കുന്നത്. സ്ഥാനമൊഴിയുന്ന ക്യാപ്റ്റനെ കാര്യമായ പരിഗണനല്‍കേണ്ടെന്ന നിലപാടിലാണ് ബിസിസിഐ എന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ദ്രാവിഡിന്റെ നിയമനകാര്യത്തില്‍ ഒന്നും അറിയില്ലെന്നും വിഷയം ആരും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നുമുള്ള കോഹ്ലിയുടെ പ്രതികരണമാണ് ബിസിസിഐയും ക്യാപ്റ്റനുമായുള്ള അസ്വാരസ്യത്തിന്റെ മഞ്ഞുരുകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റതിനു പിന്നാലെയാണ് ക്രിക്കറ്റ് ബോര്‍ഡും കോഹ്ലിയും തമ്മിലെ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഡ്രസിംഗ് റൂമിലെ കോഹ്ലിയുടെ പെരുമാറ്റം സംബന്ധിച്ച് മുതിര്‍ താരങ്ങള്‍ പരാതിപ്പെട്ടതാണ് ബിസിസിഐ അംഗങ്ങളെ ക്ഷുഭിതരാക്കിയത്.

ട്വന്റി20, ഏകദിന ക്യാപ്റ്റന്‍സികളില്‍ നിന്ന് കോഹ്ലിയെ നീക്കാന്‍ ബിസിസിഐ ആലോചിച്ചതോടെ പ്രശ്‌നങ്ങള്‍ വഷളായി. ബിസിസിഐയുടെ നീക്കം മുന്‍കൂട്ടിക്കണ്ടാണ് ലോക കപ്പിനുശേഷം ഇന്ത്യയെ ട്വന്റി20യില്‍ നയിക്കാന്‍ താനുണ്ടാവില്ലെന്ന് കോഹ്ലി പ്രഖ്യാപിച്ചത്. എം.എസ്. ധോണിയെ ടീമിന്റെ മെന്ററാക്കുന്ന കാര്യവും കോഹ്ലിയെ യഥാസമയം അറിയിച്ചിരുന്നില്ല. ട്വന്റി20 ലോക കപ്പ് ടീം തെരഞ്ഞെടുപ്പില്‍ കോഹ്ലിയുടെ വാക്കുകള്‍ സെലക്ടര്‍മാര്‍ കാര്യമായെടുത്തുമില്ല.

മുഖ്യ കോച്ച് സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് വരുന്നത് വിരാടിലെ ബാറ്റര്‍ നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറെ സഹായിക്കുമെന്നു കരുതപ്പെടുന്നു. അതിനാല്‍ത്തന്നെ ദ്രാവിഡിനെ കോഹ്ലി മനസുകൊണ്ട് സ്വാഗതം ചെയ്യുന്നായിരിക്കും. എന്നാല്‍ ദ്രാവിഡിന്റെ നിയമന തീരുമാനം തന്നില്‍ നിന്ന് മറച്ചുവയ്ക്കുന്ന ബിസിസിഐ നടപടിയാണ് കോഹ്ലിക്ക് പ്രശ്‌നമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Read more