അയർലൻഡ് പരമ്പര, ലക്ഷ്മന്റെ കീഴിൽ പുതിയ നായകൻ

ഇന്ത്യന്‍ മുന്‍താരം വിവിഎസ് ലക്ഷ്മണ്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നു. ഐപിഎല്ലിന് ശേഷം ആരംഭിക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പമ്പരയില്‍ ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ജൂൺ 26 ന് ആരംഭിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പരമ്പരക്ക് ലക്ഷ്മൺ തന്നെയാകും പരിശീലകൻ എന്നതാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ഒപ്പം തന്നെ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് പര്യടനവും വരുന്നുണ്ട്. ആയതിനാല്‍ രണ്ട് പരിശീലകര്‍ക്ക് കീഴില്‍ രണ്ട് ടീമിനെ പ്രഖ്യാപിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഇതനുസരിച്ച് രാഹുല്‍ ദ്രാവിഡും സീനിയര്‍ താരങ്ങളും ഇംഗ്ലണ്ടിലേക്ക് പോകും. ലക്ഷ്മണ് കീഴില്‍ ജൂനിയര്‍ താരങ്ങള്‍ ദക്ഷിണാഫ്രിക്കയെ നേരിടും. കൂടുതൽ ജൂനിയർ താരങ്ങൾക്ക് അവസരം ആയിരിക്കും അയർലൻഡ് പരമ്പര എന്നുറപ്പാണ്.

ധവാൻ ,ഹർദിക് പാണ്ട്യ, സഞ്ജു സാംസൺ ഇവരിൽ ആരെങ്കിലുമായിരിക്കും അയർലൻഡ് പരമ്പരക്കുള്ള യുവനിരയെ നയിക്കാൻ പോകുന്നത്. എന്തായാലും കൂടുതൽ യുവതാരങ്ങൾക്ക് പരമ്പര സ്വയം തെളിയിക്കാനുള്ള അവസരമായിരിക്കും.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ ഈ മാസം 23ാം തിയതി പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ നായകന് കീഴിലാകും ഇന്ത്യ പരമ്പരയ്ക്കിറങ്ങുക. സീനിയര്‍ താരങ്ങളുടെ ആഭാവത്തില്‍ നിരവധി യുവതാരങ്ങളെ ഇന്ത്യ പരിഗണിക്കുമെന്നാണ് വിവരം.

നായകനായി ശിഖര്‍ ധവാന്‍ എത്താനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ശിഖര്‍ ധവാന്‍ നടത്തുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായേക്കും. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തായിരുന്ന ഹര്‍ദിക് ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ്. ഐപിഎല്ലില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും താരം ഭേതപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.