ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി

ഐ.പി.എല്‍ 2021 സീസണിലെ ബാക്കി മത്സരങ്ങള്‍ക്ക് ഇന്ത്യ വേദിയാകില്ലെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വളരെ ദൈര്‍ഘ്യമേറിയ ക്വാറന്റൈന്‍ കാലയളവ് നിലനില്‍ക്കുന്നതിനാലും നിലവിലെ മോശം സാഹചര്യത്തിലും ഇന്ത്യയില്‍ ബാക്കി മത്സരങ്ങള്‍ നടത്താന്‍ സാധ്യമല്ലെന്ന് ഗാംഗുലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും 5 ടി20 മത്സരങ്ങളും കളിക്കുമെന്ന് ഗാംഗുലി അറിയിച്ചു. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനും ഇടയിലുള്ള സമയത്ത് ഐ.പി.എല്‍ നടത്താമെന്ന അഭിപ്രായം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു ശേഷം ഇന്ത്യ ശ്രീലങ്കയിലേക്ക് പോകുന്നതിനാല്‍ സാധ്യമല്ല.

ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താനായില്ലെങ്കില്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് പരിഗണനയിലുള്ളത്. ശ്രീലങ്കയും വേദിയാകാന്‍ സന്നദ്ധത അറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്.