IPL 2025: എന്റെ മനക്കലേക്ക് സ്വാഗതം, ആന്ദ്രേ റസലിന് പുതിയ ടീം ഓഫർ ചെയ്ത് സൗരവ് ഗാംഗുലി; പോസിറ്റീവായി പ്രതികരിച്ച് താരം

മെയ് 4 ന് ഈഡൻ ഗാർഡൻസിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഒരു റണ്ണിന്റെ വിജയത്തിൽ തകർപ്പൻ പ്രകടനത്തോടെ ആൻഡ്രെ റസ്സൽ മികച്ച ഫോമിലേക്ക് തിരിച്ചെത്തി. മത്സരത്തിന് ശേഷം, മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ അദ്ദേഹം കണ്ടുമുട്ടിയിരുന്നു. അവിടെ അദ്ദേഹം റസലുമായി കുറച്ചധികം സമയം സംസാരിക്കുകയും ചെയ്തു.

റിപ്പോർട്ട് ചെയ്തതനുസരിച്ച് താരത്തിന്, ഗാംഗുലി 2026 SA20 സീസണിൽ പ്രിട്ടോറിയ ക്യാപിറ്റൽസ് ടീമിൽ ഇടം വാഗ്ദാനം ചെയ്തു. GMR ഉം JSW ഉം സംയുക്തമായി ഉടമസ്ഥതയിലുള്ള ഐപിഎല്ലിലെ ഡൽഹി ക്യാപിറ്റൽസ് ഫ്രാഞ്ചൈസിയെ കൈകാര്യം ചെയ്യുന്ന അതേ ഉടമസ്ഥതാ ഗ്രൂപ്പിലാണ് ഈ ടീമും പ്രവർത്തിക്കുന്നത്.

ലോകമെമ്പാടും ഒന്നിലധികം ടി20 ടീമുകളെ ഈ ഉടമസ്ഥതാ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നു. ഐപിഎല്ലിലെ ഡൽഹി ക്യാപിറ്റൽസ് പുരുഷ ടീമിനെയും ILT20 ൽ ദുബായ് ക്യാപിറ്റൽസിനെയും കൈകാര്യം ചെയ്യുന്നതിന്റെ ചുമതല GMR നാണ്, അതേസമയം WPL ലെ വനിതാ ടീമിനെ JSW മേൽനോട്ടം വഹിക്കുകയും ദക്ഷിണാഫ്രിക്കയിലെ ലീഗിൽ പ്രിട്ടോറിയ ക്യാപിറ്റൽസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

2023, 2024 ഐപിഎൽ സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിനെ മെന്ററായി നയിച്ച ഗാംഗുലി നിലവിൽ ജെഎസ്ഡബ്ല്യു സ്പോർട്സിൽ ക്രിക്കറ്റ് ഡയറക്ടറുടെ ചുമതല വഹിക്കുന്നു. എന്തായാലും റസൽ ഈ ഓഫറിനോട് അനുകൂലമായി പ്രതികരിച്ചുവെന്നും കരാർ മുന്നോട്ട് പോകുമെന്ന് ഗാംഗുലി പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നൈറ്റ് റൈഡേഴ്‌സിന്റെ ഫ്രാഞ്ചൈസി സെറ്റപ്പിലെ ഒരു പ്രധാന ഭാഗമാണ് റസ്സൽ. ഐപിഎല്ലിൽ കെകെആറിനായി അദ്ദേഹം കളിക്കുന്നു, കൂടാതെ ഐഎൽടി20 (അബുദാബി നൈറ്റ് റൈഡേഴ്‌സ്), സിപിഎൽ (ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ്), എംഎൽസി (ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്‌സ്) തുടങ്ങിയ മറ്റ് ലീഗുകളിലും നൈറ്റ് റൈഡേഴ്‌സിനെ പ്രതിനിധീകരിക്കുന്നു. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസി എസ്എ20 ലീഗിൽ ഇല്ലാത്തതിനാൽ തന്നെ, മറ്റ് ടീമുകളിൽ നിന്നുള്ള ഓഫറുകൾ പരിഗണിക്കാൻ താരത്തിന് സ്വാതന്ത്ര്യമുണ്ട്.