IPL 2024: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസ് കോളുകളുടെ ലിസ്റ്റെടുക്കുമ്പോള്‍ ഇത് ഒന്നാം സ്ഥാനത്ത് നില്‍ക്കും

കെകെആറിന്റെ ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും മോശം കളിയാണ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചത്. ബാറ്റില്‍ കാര്യമായൊന്നും ചെയ്തില്ല, ചെന്നൈയില്‍ 135 റണ്‍സ് പ്രതിരോധിക്കുന്നതിനിടെ ബോളിംഗ് മാറ്റങ്ങള്‍ അദ്ദേഹത്തിന് വിക്കറ്റുകളും നല്‍കിയില്ല. എന്നിരുന്നാലും, ഏറ്റവും വലിയ ഞെട്ടല്‍ വന്നത് രണ്ട് ഡിആര്‍എസ് കോളുകളുടെ രൂപത്തിലാണ്.

ഇന്ത്യന്‍ മുന്‍ താരം നവ്ജ്യോത് സിംഗ് സിദ്ദു ശിവം ദുബെയ്ക്കെതിരെ എടുത്ത ഡിആര്‍എസ് കോളുകളില്‍ അസ്വസ്ഥനായി. പന്ത് ലെഗ് സ്റ്റമ്പിന് പുറത്ത് പഞ്ച് ചെയ്തു എന്ന് വ്യക്തമായിരുന്നെങ്കിലും ശ്രേയസ് അമ്പയര്‍ തീരുമാനം റിവ്യൂ ചെയ്തു.

വരുണ്‍ ചകര്‍വര്‍ത്തി എറിഞ്ഞ സിഎസ്‌കെ ഇന്നിംഗ്സിന്റെ 16-ാം ഓവറിന്റെ അഞ്ചാം പന്ത് ശിവം ദുബെയുടെ പാഡില്‍ തട്ടി. ഉടന്‍ തന്നെ വരുണ്‍ അമ്പയറോട് വിക്കറ്റ് അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ വിക്കറ്റ് അല്ലെന്ന് വിധിച്ചു. വരുണ്‍ ഉടനെ അയ്യരുടെ നേരെ നോക്കി, അയാള്‍ ഡിആര്‍എസിനായി സിഗ്‌നല്‍ നല്‍കി.

തേര്‍ഡ് അമ്പയര്‍ ബാറ്ററിന് അനുകൂലമായി വിധിച്ചപ്പോള്‍ കമന്റേറ്റര്‍ ബോക്സില്‍ സിദ്ദുവിന് ശാന്തത നഷ്ടപ്പെട്ടു. ‘അത് ഒരിക്കലും വിക്കറ്റായിരുന്നില്ല. പന്ത് ലെഗ് സ്റ്റമ്പിന് പുറത്താണ് പിച്ച് ചെയ്തതെങ്കിലും അയ്യര്‍ ഡിആര്‍എസ് എടുക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഡിആര്‍എസ് കോളുകളില്‍ ഒന്നാണിത്. ഭാവിയില്‍ ഏറ്റവും മോശം ഡിആര്‍എസ് കോളുകളുടെ ലിസ്റ്റ് പുറത്തെടുക്കുമ്പോള്‍ അത് ഒന്നാം സ്ഥാനത്ത് നില്‍ക്കും” അദ്ദേഹം പറഞ്ഞു.