ഐപിഎല്‍ 2024: 'ശാപം തീര്‍ന്നു, ഇതവരുടെ വര്‍ഷം'; കിരീട ജേതാക്കളെ പ്രവചിച്ച് ഡിവില്ലിയേഴ്‌സ്

ആര്‍സിബി വനിതകളുടെ പാത പുരുഷ ടീം പിന്തുടരുകയും 2024-ല്‍ അവരുടെ ആദ്യ കിരീടം നേടുകയും ചെയ്യുമെന്ന് മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ആര്‍സിബി പുരുഷ ടീമിന് വനിതാ ടീമിനെ അനുകരിക്കാനും ചാമ്പ്യന്‍ഷിപ്പ് കൊണ്ടുവരാനുമുള്ള വര്‍ഷമാണിതെന്ന് ഡിവില്ലിയേഴ്സ് വിശ്വസിക്കുന്നു.

ഡബ്ല്യുപിഎല്‍ ഫൈനലില്‍ സ്മൃതി മന്ദാനയുടെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ആര്‍സിബി പുരുഷ ടീം ട്രോഫി ഉയര്‍ത്താന്‍ ആകാംക്ഷയോടെ ആഗ്രഹിക്കുന്ന ആര്‍സിബി ആരാധകര്‍ക്ക് ഈ വിജയം പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. വനിതാ വിജയത്തിന് ശേഷം ഫ്രാഞ്ചൈസിക്ക് ആഘോഷങ്ങള്‍ ഇരട്ടിയാക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ഡിവില്ലിയേഴ്‌സ് കരുതുന്നു.

ഇത് വിധിയാണ്. വനിതകളെപ്പോലെ പുരുഷ സ്‌ക്വാഡും ട്രോഫി കൊണ്ടുവരണം. ശാപം തീര്‍ന്നു, ഇത് അവരുടെ വര്‍ഷമായിരിക്കാം. ആര്‍സിബി പുരുഷന്മാര്‍ക്ക് ജയിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു; അവര്‍ ജയിക്കും. സ്‌പോര്‍ട്‌സില്‍ നിങ്ങള്‍ ക്ഷമയോടെയിരിക്കണം; അത് പ്രവചനാതീതമാണ്, അത് ആവേശകരമാക്കുന്നു. ആര്‍സിബി പുരുഷന്മാര്‍ക്ക് അവരുടെ ആദ്യ വിജയം ലഭിച്ചുകഴിഞ്ഞാല്‍, കൂടുതല്‍ പേര്‍ അവരെ പിന്തുടരും- ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ചരിത്രത്തിലുടനീളം സ്റ്റാര്‍ പവറും മികച്ച ടി20 കളിക്കാരും ഉണ്ടായിരുന്നിട്ടും, റോയല്‍ ചലഞ്ചേഴ്സ് ഒരിക്കലും ഐപിഎല്‍ കിരീടം നേടിയിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനും പഞ്ചാബ് കിംഗ്‌സിനും ഒപ്പം ഇതുവരെ ട്രോഫി ഉയര്‍ത്താത്ത മൂന്ന് ഫ്രാഞ്ചൈസികളില്‍ ഒന്നാണിത്. 2009, 2011, 2016 വര്‍ഷങ്ങളില്‍ ആര്‍സിബി ഫൈനലില്‍ എത്തിയെങ്കിലും അതെല്ലാം ജയിക്കുന്നതില്‍ ടീമിന് തുടര്‍ച്ചയായി പരാജയപ്പെട്ടു. എന്നാല്‍ ഈ സീസണില്‍ കിരീടത്തിലെത്താന്‍ ആര്‍സിബിക്ക് കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.