IPL 2024: എംഎസ് ധോണിക്ക് പുതിയ വിശേഷണം നൽകി നവജ്യോത് സിംഗ് സിദ്ദു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ആരാധകരുള്ള ജനപ്രിയനായ ക്രിക്കറ്റ് താരമാണ് എംഎസ് ധോണി. അദ്ദേഹം കാരണം ആരാധകര്‍ വന്‍തോതില്‍ സ്റ്റേഡിയങ്ങളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി താരം ഐപിഎലില്‍നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ അനുഭാവികളെ വികാരഭരിതരാക്കി. ഇത് മറ്റ് ഫ്രാഞ്ചൈസികളുടെ ഹോം ഗ്രൗണ്ടുകളില്‍ കളിക്കുമ്പോള്‍ പോലും സിഎസ്‌കെയുടെ ആരാധക പിന്തുണ വര്‍ദ്ധിപ്പിച്ചു.

ചെന്നൈയിലെ അന്തരീക്ഷവും വ്യത്യസ്തമല്ല. ധോണി നഗരത്തിന്റെ പ്രിയപ്പെട്ട മകനാണ്. അദ്ദേഹത്തിന്റെ കടന്നുവരവ് ആരാധകരെ ഇളക്കിമറിക്കാന്‍ പര്യാപ്തമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ അവസാന മത്സരത്തില്‍ അദ്ദേഹം കുറച്ച് പന്തുകള്‍ ബാറ്റ് ചെയ്തു. ഇത് അദ്ദേഹത്തിന്റെ ആരാധകരില്‍ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

അടുത്തിടെ കമന്ററി ബോക്‌സില്‍ തിരിച്ചെത്തിയ നവജ്യോത് സിംഗ് സിദ്ധു ധോണിയെ സന്തോഷത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്നാണ് വിളിച്ചത്. ‘അദ്ദേഹം ആരാധകരുടെ മുഖത്ത് സന്തോഷം കൊണ്ടുവരുന്നു. അവര്‍ക്ക് എല്ലാം ധോണിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സന്തോഷത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. ധോണി അവരെ ഭ്രാന്തന്മാരാക്കുന്നു, അവന്‍ ഗ്രൗണ്ടില്‍ ഇരിക്കുമ്പോഴെല്ലാം അവര്‍ അത് ആസ്വദിക്കുന്നു’ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.

അതേസമയം, ഇന്നലെ നടന്ന മത്സരത്തില്‍ രണ്ട് തവണ ചാമ്പ്യന്മാരായ കെകെആറിനെതിരെ സിഎസ്‌കെ തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുത്തു. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഫ്രാഞ്ചൈസി പവര്‍പ്ലേ ഓവറുകളില്‍ അമ്പതിലധികം റണ്‍സ് നേടിയിട്ടും ബൗളര്‍മാര്‍ എതിരാളികളെ 20 ഓവറില്‍ 135 റണ്‍സില്‍ ഒതുക്കി.

രവീന്ദ്ര ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയും യഥാക്രമം മൂന്ന് വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് അര്‍ദ്ധ സെഞ്ച്വറി നേടി 17.4 ഓവറില്‍ ടീമിന് 7 വിക്കറ്റിന്റെ ജയം സമ്മാനിച്ചു. അഞ്ച് മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ അഞ്ചാമതും 4 കളികളില്‍ നിന്ന് 6 പോയിന്റുമായി കെകആര്‍ രണ്ടാം സ്ഥാനത്താണ്.