IPL 2024: 'അവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെയും ഡല്‍ഹി പൊലീസിനെയും വിന്യസിക്കണം'; ഐപില്‍ മത്സരത്തിനിടെ ഹര്‍ഷ ഭോഗ്ലെ

ഐപിഎല്‍ 2024 ലെ ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണികള്‍ക്കൊരു ദൃശ്യവിരുന്നായിരുന്നു. മത്സരത്തില്‍ അഭിഷേക് ശര്‍മ്മ 300-ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. ട്രാവിസ് ഹെഡിന്റെ സ്ട്രൈക്ക് റേറ്റ് 250 ന് മുകളിലായിരുന്നു. ഡിസിയെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെയും ഡല്‍ഹി പൊലീസിനെയും വിന്യസിക്കണമെന്ന് മത്സരത്തിനിടെ ഹര്‍ഷ ഭോഗ്ലെ സരസമായി പറഞ്ഞു.

ഹൈദരാബാദിന്റെ ഓപ്പണര്‍മാര്‍ പവര്‍പ്ലേ ഓവറില്‍ 125 റണ്‍സാണ് അടിച്ചെടുത്തത്. ബോള്‍ സ്ഥിരമായി സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്തു. അക്സര്‍ പട്ടേല്‍ അഭിഷേകിന്റെ തകര്‍പ്പന്‍ ക്യാച്ച് എടുക്കുന്നതിന് മുമ്പ് വരെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ആയുധമില്ലാത്ത പോരാളിയെ പോലെ നിസഹായനായിരുന്നു. അഭിഷേക് 12 പന്തില്‍ 6 സിക്‌സും 2 ഫോറും സഹിതം 46 റണ്‍സ് നേടി.

പിന്നാലെ ഒരു റണ്‍സ് സംഭാവന ചെയ്ത എയ്ഡന്‍ മര്‍ക്രമിനെ കുല്‍ദീപ് വീഴ്ത്തി. ഇതിന് പിന്നാലെ 32 പന്തില്‍ 89 റണ്‍സ് നേടിയ ഹെഡ് കുല്‍ദീപിന്റെ മൂന്നാമത്തെ ഇരയായി. 11 ബൗണ്ടറികളും 6 സിക്സറുകളും ഹെഡ് പറത്തി. രണ്ട് സിക്സറുകള്‍ പറത്തിയ ഹെന്റിച്ച് ക്ലാസനെ അക്സര്‍ ക്ലീന്‍ ബൗള്‍ഡാക്കി.

അതിനിടെ, ആതിഥേയരോട് ഹര്‍ഷ സഹതാപം പ്രകടിപ്പിച്ചു. ‘പൊലീസിനെ വിളിക്കുക! കവചിത സേനയെ വിളിക്കൂ! സൈന്യത്തെ വിളിക്കുക! ഡല്‍ഹി ക്യാപിറ്റല്‍സിന് ഇവിടെ കുറച്ച് സഹായം ആവശ്യമാണ്’ അദ്ദേഹം എക്‌സില്‍ എഴുതി.

നേരത്തെ, ടോസ് നേടിയ ഋഷഭ് സണ്‍റൈസേഴ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ ക്ഷണിച്ചു. അതുമാത്രമാണ് കളിയില്‍ അദ്ദേഹത്തിന് അനുകൂലമായത്. മത്സരത്തില്‍ അദ്ദേഹത്തിന്‍റെ ടീം 67 റണ്‍സിന് പരാജയപ്പെട്ടു.