ഐപിഎല്‍ 2024: അവനെ ടോപ് ഓഡറില്‍ ഇറക്കിയാല്‍ ചെന്നൈ വേറെ ലെവലാകും; വിലയിരുത്തലുമായി ബ്രെറ്റ് ലീ

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് എംഎസ് ധോണിയെ പ്രശംസിച്ച് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. 307 ദിവസങ്ങള്‍ക്ക് ശേഷം ക്രീസിലേക്ക് ബാറ്റുമായി എത്തിയ ധോണി 16 പന്തില്‍ 4 ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താവാതെ 37 റണ്‍സാണ് അടിച്ചെടുത്തത്. ധോണിയെ ടോപ് ഓഡറില്‍ ഇറക്കാന്‍ സിഎസ്‌കെ തയ്യാറാകണമെന്ന ലീ പറഞ്ഞു.

ഈ രാത്രി ധോണിയാണ് തെളിഞ്ഞുനില്‍ക്കുന്നത്. അവന്‍ തുരുമ്പിച്ചിട്ടില്ല. ബാറ്റിംഗില്‍ ഇനിയും അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു. ധോണിക്ക് എന്തുകൊണ്ട് ടോപ് ഓഡറില്‍ ഇറങ്ങിക്കൂടാ. ഗംഭീര താരമാണവന്‍. ഇപ്പോഴും ശക്തമായതും കൂര്‍ത്തതുമായ ബുദ്ധിയാണവനുള്ളത്. സിഎസ്‌കെ ധോണിയെ ടോപ് ഓഡറില്‍ ഇറക്കണം- ബ്രെറ്റ് ലീ പറഞ്ഞു.

ധോണി ടോപ് ഓഡറില്‍ ബാറ്റു ചെയ്യുന്നതിനോട് ടീം മാനേജ്‌മെന്റിന് അനുകൂല നിലപാടാകും ഉണ്ടാവുക. എന്നാല്‍ താരത്തിന്റെ പരിക്കാണ് പ്രശ്‌നക്കാരന്‍. നിലവില്‍ കാലിന്റെ വേദന വകവെക്കാതെയാണ് ധോണി കളിക്കുന്നത്. പല തവണ കാലിനെ സ്ട്രെച്ച് ചെയ്ത് ധോണി മുന്നോട്ട് പോകുന്നത് കണ്ടിരുന്നു.

താരം നേരത്തെ ബാറ്റിംഗിന് ഇറങ്ങിയാല്‍ ക്രീസില്‍ അധിക നേരം തുടരണമെന്നതിനാല്‍ കാലിന്റെ അവസ്ഥ വിക്കറ്റുകള്‍ക്കിടയിലെ ഓട്ടവും മറ്റും പരിക്കിനെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. പോരാത്തതിന് സിഎസ്‌കെയെ സംബന്ധിച്ച് ധോണിയുടെ ബാറ്റിംഗല്ല പ്രധാനം. താരത്തിന്റെ സാന്നിധ്യവും വിക്കറ്റിന് പിന്നിലെ ചോരാത്ത കൈകളുമാണ് ടീമിന്  പ്രധാനം. ഇതാണ് ടീമിന് കരുത്താകുന്നതും.