IPL 2024: 'അവന് എത്രയും വേഗം ബിസിസിഐ കരാര്‍ നല്‍കണം'; ആവശ്യവുമായി ഇയാന്‍ ബിഷപ്പ്

എല്‍എസ്ജിയുടെ കുന്തമുനയായ മായങ്ക് യാദവിന് ബിസിസിഐ പേസര്‍ കരാര്‍ നല്‍കണമെന്ന് വിന്‍ഡീസ് മുന്‍ പേസര്‍ ഇയാന്‍ ബിഷപ്പ്. 21കാരന്‍ ഐപിഎല്‍ സീസണില്‍ താന്‍ മികച്ച ബോളറാണെന്ന് തെളിയിക്കുകയാണ്. 150 KPHല്‍ സ്ഥിരമായി പന്തെറിയുന്ന അദ്ദേഹം പഞ്ചാബിനും ബെംഗളൂരുവിനുമെതിരായ രണ്ട് മത്സരങ്ങളിലും കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

2023ല്‍ 20 ലക്ഷം രൂപയ്ക്കാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് യുവതാരത്തെ സ്വന്തമാക്കിയത്. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ താരത്തിന് കളിക്കാനായില്ല. പഞ്ചാബിനെതിരായ അരങ്ങേറ്റത്തില്‍ പേസര്‍ 155.8 കി.മീ വേഗം കൈവരിച്ചു. രണ്ട് ദിവസത്തിന് ശേഷം, ആര്‍സിബിക്കെതിരെ 156.7 കിലോമീറ്റര്‍ വേഗതയില്‍ ഐപിഎല്‍ ചരിത്രത്തിലെ നാലാമത്തെ വേഗമേറിയ പന്ത് താരം എറിഞ്ഞു.

പേസര്‍മാര്‍ക്ക് പ്രത്യേകമായി ഫാസ്റ്റ് ബോളിംഗ് കരാര്‍ നല്‍കാനുള്ള ബിസിസിഐയുടെ നീക്കത്തില്‍ ബിഷപ്പ് അഭിനന്ദനം അറിയിച്ചു. പട്ടികയില്‍ ഉംറാന്‍ മാലിക്കിന്റെ പേര് കാണുന്നത് ആവേശകരമാണെന്ന് ബിഷപ്പ് എക്‌സില്‍ കുറിച്ചു.

പേസര്‍മാര്‍ക്ക് കരാര്‍ നല്‍കി ബിസിസിഐ വളരെ നൂതനമായ തീരുമാനമാണ് എടുത്തിരിക്കുന്നത്. അത് എന്നെ ശരിക്കും ആകര്‍ഷിക്കുന്നു, പ്രത്യേകിച്ചും ഉംറാന്‍ മാലിക്കിന്റെ പേര് ആ പട്ടികയില്‍ ഉള്ളതിനാല്‍. ആഗോള തലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ടീമും ഗുണനിലവാരമുള്ള ഫാസ്റ്റ് ബൗളര്‍മാരെ സ്വന്തമാക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്- ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആകാശ് ദീപ്, വിജയ്കുമാര്‍ വൈശാഖ്, ഉമ്രാന്‍ മാലിക്, യാഷ് ദയാല്‍, വിദ്വത് കവേരപ്പ എന്നിവര്‍ക്കാണ് ഫാസ്റ്റ് ബോളര്‍മാരുടെ കരാര്‍ നല്‍കിയിരിക്കുന്നത്.