അവനെ ബാറ്റിംഗിന് ഇറക്കിയപ്പോള്‍ തന്നെ റോയല്‍സ് തോറ്റു; രാജസ്ഥാന്റെ 'സര്‍പ്രൈസ്' നീക്കത്തില്‍ പൊള്ളോക്ക്

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഒരു കാര്യം ചെയ്തിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഷോണ്‍ പൊള്ളോക്ക്. റിയാന്‍ പരാഗിനേക്കാള്‍ മുമ്പ് ധ്രുവ് ജുറേലിനെ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗിനായി ഇറക്കേണ്ടതായിരുന്നെന്ന് പൊള്ളോക്ക് അഭിപ്രായപ്പെട്ടു.

ഈ സീസണില്‍ ഇതുവരെ പരാഗിന് ബാറ്റിംഗില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അവസാന മല്‍സരത്തില്‍ ജുറേലിന്റെ ബാറ്റിംഗ് നമ്മള്‍ കണ്ടതുമാണ്. ചില സമയങ്ങളില്‍ നിങ്ങള്‍ സ്വന്തം ടീമിലെ താരങ്ങളെ ഫോമിലേക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എനിക്കു മനസ്സിലാവും. പക്ഷെ ലഖ്നൗവുമായുള്ള മല്‍സരം അതിനുള്ള വേദിയായിരുന്നില്ല.

കാരണം അവിടെ മല്‍സരഫലത്തിനായിരുന്നു പ്രാധാന്യം. അതുകൊണ്ടു തന്നെ ബോള്‍ നന്നായി സ്ട്രൈക്ക് ചെയ്യാന്‍ കഴിയുന്ന ജുറേലിനെ പരാഗിനേക്കാള്‍ നേരത്തേ റോയല്‍സ് ബാറ്റ് ചെയ്യിക്കേണ്ടിയിരുന്നത്. പരാഗിനെ ആ സമയത്തു ബാറ്റിംഗിന് അയച്ചത് ശരിക്കും സര്‍പ്രൈസ് ആയിരുന്നു- പൊള്ളോക്ക് പറഞ്ഞു.

ആദ്യത്തെ എട്ടു ബോളില്‍ സിംഗിളുകളിലൂടെ വെറും നാലു റണ്‍സാണ് പരാഗ് നേടിയത്. 19ാം ഓവറില്‍ ഒരു സിക്സറും 20ാം ഓവറില്‍ ഒരു ഫോറും താരം പായിച്ചെങ്കിലും അപ്പോഴേക്കും മല്‍സരം കൈവിട്ടുപോയിരുന്നു. കളി അവസാനിക്കുമ്പോള്‍ 12 ബോളില്‍ 15 റണ്‍സോടെ പരാഗ് ക്രീസിലുണ്ടായിരുന്നു.