റസല്‍ വെടിക്കെട്ടിന് പിന്നാലെ മഴ, തോല്‍വി ഒഴിവാക്കാനാകാതെ കെകെആര്‍

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 7 റണ്‍സ് വിജയം. ഡിഎല്‍എസ് നിയമ പ്രകാരമാണ് പഞ്ചാബിന്‍റെ വിജയം. പഞ്ചാബ് മുന്നോട്ടുവെച്ച 192 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കെകെആര്‍ 16 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുത്ത് നില്‍ക്കെയാണ് മഴ കളി മുടക്കിയത്.

കെകെആറിനായി ആന്ദ്രെ റസല്‍ 19 ബോളില്‍ രണ്ട് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 35 റണ്‍സെടുത്തു. വെങ്കിടേഷ് അയ്യര്‍ 28 ബോളില്‍ 34 റണ്‍സെടുത്തു. റഹ്‌മനുളളാ 22, നിതിഷ് റാണ 24 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറന്മാര്‍.

പഞ്ചാബിനായി അര്‍ഷ്ദീപ് സിംഗ് മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. സാം കറെന്‍, നഥാന്‍ എല്ലിസ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചഹാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ഭാനുക രജപക്സെ, ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ എന്നിവരുടെ ഇന്നിംഗ്സുകളുടെ മികവിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തത്. 32 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്ത രജപക്സയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട ധവാന്‍ ആറ് ബൗണ്ടറിയടക്കം 40 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ 17 പന്തില്‍ നിന്ന് രണ്ട് സിക്സടക്കം 26 റണ്‍സെടുത്ത സാം കറനും ഏഴ് പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഷാരൂഖ് ഖാനും ചേര്‍ന്നാണ് പഞ്ചാബ് സ്‌കോര്‍ 191-ല്‍ എത്തിച്ചത്.